Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

St. Thomas Church, Caritas

St.Thomas Knanaya Catholic Church Caritasകാരിത്താസ്‌ ആശുപത്രി 1962-ല്‍ സ്ഥാപിതമായതോടെയാണ്‌ തെള്ളകം മേഖലയില്‍ ക്‌നാനായക്കാരുടെ സാന്നിദ്ധ്യം സജീവമായത്‌. പേരൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളി ഇടവകാംഗങ്ങളായാണ്‌ ഇവരെ പരിഗണിച്ചിരുന്നത്‌. പേരൂര്‍ പള്ളിയില്‍ പടിഞ്ഞാറെ മാസയോഗ കൂട്ടായ്‌മയിലാണ്‌ കാരിത്താസ്‌ ഭാഗത്തുള്ളവര്‍ ഉള്‍പ്പെട്ടിരുന്നത്‌. വിശ്വാസ പരിശീലനമുള്‍പ്പെടെ എല്ലാ ആത്മീയശുശ്രൂഷകള്‍ക്കും പേരൂര്‍ പള്ളിയെയാണ്‌ ഇവിടെയുള്ളവര്‍ ആശ്രയിച്ചിരുന്നത്‌. പേരൂര്‍ക്കുള്ള യാത്രാസൗകര്യം തീര്‍ത്തും പരിമിതമായിരുന്നതുകൊണ്ട്‌ കാരിത്താസ്‌ മേഖലയില്‍ ഒരു ദേവാലയം വേണമെന്ന ചിന്ത ഉയര്‍ന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ പടിഞ്ഞാറെ മാസയോഗം വിഭജിച്ച്‌ കാരിത്താസ്‌ യൂണിറ്റ്‌ സ്ഥാപിതമായി. 1988-ല്‍ ബി.ടി.എം.വൃദ്ധമന്ദിരത്തിന്റെ ചാപ്ലയിനായെത്തിയ സിറിയക്ക്‌ പെരിങ്ങേലിലച്ചന്‍ കാരിത്താസ്‌ മേഖലയിലെ ക്‌നാനായ കുടുംബങ്ങളെപ്പറ്റി ശേഖരിച്ച സ്ഥിതിവിവരക്കണക്ക്‌ ഇടവക രൂപീകരണത്തിനുള്ള ആധാരശിലയായി മാറുകയായിരുന്നു. ഏറ്റുമാനൂര്‍ മുതല്‍ അടിച്ചിറ വരെയും തെള്ളകം കിഴക്കുംഭാഗം മുതല്‍ അമ്മഞ്ചേരി വരെയുമുള്ള സ്ഥലങ്ങളില്‍ നിന്നായി 60 ക്‌നാനായ വീടുകള്‍ അദ്ദേഹം കണ്ടെത്തി.

ഫാ. സിറിയക്ക്‌ പെരിങ്ങേലില്‍ തയ്യാറാക്കിയ ലിസ്റ്റും സ്ഥലവാസികളുടെ പിരിവും കണക്കിലെടുത്ത്‌ ദേവാലയം പണിയുന്നതിന്‌ കുന്നശ്ശേരി പിതാവ്‌ അനുമതി നല്‍കി. 1990 മെയ്‌മാസത്തിലെ ഒരു ഞായറാഴ്‌ച കാരിത്താസ്‌ പള്ളിയുടെ പരിധിയില്‍ വരാന്‍ സാധ്യതയുള്ളവര്‍ക്കായി സംക്രാന്തി പള്ളി വികാരിയായിരുന്ന മോണ്‍ . സൈമണ്‍ കൂന്തമറ്റത്തില്‍ കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ചാപ്പലില്‍ ദിവ്യബലി അര്‍പ്പിച്ചു. പള്ളി പണിയെപ്പറ്റി ആലോചിക്കുന്നതിനു തുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ മോണ്‍ .സൈമണ്‍ കൂന്തമറ്റത്തില്‍ ചെയര്‍മാനായും ചാക്കോ പുളിക്കത്തൊട്ടിയില്‍ , മത്തായി കരിപ്പറമ്പില്‍ , ജോസഫ്‌ കിഴക്കേക്കാട്ടില്‍ , ജോര്‍ജ്‌ തുരുത്തേല്‍കളത്തില്‍ , ജോസഫ്‌ തൈപ്പറമ്പില്‍ , തോമസ്‌ ഇടയാടിയില്‍ , കുര്യാക്കോസ്‌ പുഷ്‌പനിവാസ്‌ എന്നിവര്‍ കമ്മിറ്റിക്കാരുമായി ഒരു സമിതിയെ തിരഞ്ഞെടുത്തു.

1990 നവംബര്‍ നാലിന്‌ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുള്ള പള്ളിക്ക്‌ കുന്നശ്ശേരി പിതാവ്‌ തറക്കല്ലിട്ടു. ഈ സമയത്ത്‌ കാരിത്താസ്‌ ആശുപത്രിയുടെ ജോയിന്റ്‌ ഡയറക്‌ടറായി നിയമിതനായ മോണ്‍ . സൈമണ്‍ കൂന്തമറ്റത്തില്‍ പള്ളി പണിക്ക്‌ നേതൃത്വം നല്‍കി. ആര്‍ക്കിടെക്‌റ്റ്‌ വെട്ടുകല്ലേല്‍ അലക്‌സ്‌ ചാക്കോയുടെ പ്ലാനിലും കാരിത്താസുകാരനായ ഇടയാടിയില്‍ തോമസിന്റെ മേല്‍നോട്ടത്തിലും പള്ളി പണി പുരോഗമിച്ചു. 1992- ഡിസംബര്‍ 18-ന്‌ കാരിത്താസ്‌ നിവാസികളുടെ ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്‌കരിച്ചുകൊണ്ട്‌ കുന്നശ്ശേരി പിതാവ്‌ പള്ളിയുടെ കൂദാശ നിര്‍വ്വഹിച്ചു. 1993 ജൂണില്‍ കാരിത്താസ്‌ ഇടവകയെ ഒരു സ്വതന്ത്ര യൂണിറ്റായി പ്രഖ്യാപിച്ചും അതിരുകള്‍ നിര്‍ണ്ണയിച്ചുമുള്ള കല്‌പന അതിരൂപതയില്‍ നിന്നും പുറപ്പെടുവിച്ചു. ഇടവകക്കാരുടെ താല്‌പര്യം കണക്കിലെടുത്ത്‌ മോണ്‍ . സൈമണ്‍ കൂന്തമറ്റത്തിലിന്റെ പരിശ്രമഫലമായി നിര്‍മ്മിച്ച പാരിഷ്‌ഹാള്‍ വിശ്വാസപരിശീലനത്തിനും പൊതുപരിപാടികള്‍ക്കും വേദി ഒരുക്കുന്നു.

ഒരു പൂര്‍ണ്ണ ഇടവകയായി ഉയര്‍ത്തപ്പെട്ടിട്ടില്ലെങ്കിലും സാധാരണ ഇടവകകളിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇവിടെ സജീവമായി നടക്കുന്നു. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌, ക്‌നാനായ കാത്തലിക്ക്‌ വിമന്‍സ്‌ അസോസിയേഷന്‍ , ക്‌നാനായ കാത്തലിക്ക്‌ യൂത്ത്‌ ലീഗ്‌, മിഷന്‍ ലീഗ്‌, തിരുബാലസഖ്യം എന്നിവയുടെ യൂണിറ്റുകള്‍ കാരിത്താസ്‌ ഇടവകയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ഇടവകയുടെ പ്രധാനതിരുനാള്‍ പുതു ഞായറാഴ്‌ചയാണ്‌ ആഘോഷിക്കുന്നത്‌. 124 കുടുംബങ്ങളിലായി ഏതാണ്ട്‌ 575-ഓളം വിശ്വാസികള്‍ ഈ കൂട്ടായ്‌മയ്‌ക്ക്‌ കരുത്തു പകരുന്നു .