St. Stephen’s Knanaya Catholic Church, Attapady, Palakkad

 St. Stephen’s Knanaya Catholic Church, Attapady, Palakkad

ടിപ്പു സുല്‍ത്താന്റെ പടയോട്ടങ്ങളാല്‍ പുകള്‍പെറ്റതും കേരളത്തിന്റെ നെല്ലറയുമായ പാലക്കാട് നഗരത്തില്‍ നിന്നും 63 കി. മി. അകലെയായി തമിഴ്‌നാടിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതും നിത്യഹരിത വനവും ദേശീയ വിനോദ സഞ്ചാരകേന്ദ്രവുമായ സൈലന്റ് വാലിയുടെയും കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന അപൂര്‍വ്വം നദികളില്‍ ഒന്നായ ഭവാനി പുഴയുടെയും സമീപപ്രദേശത്തായി വി. എസ്തപ്പാനോസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം സ്ഥിതി ചെയ്യുന്നു. അട്ടപ്പാടി പ്രദേശത്ത്. കോട്ടയം അതിരൂപതയുടെ കീഴിലുള്ള ഏക പള്ളിയാണിത്.
കൃഷിയുടെ മാഹാത്മ്യം ദര്‍ശിച്ച ക്‌നാനായക്കാര്‍ പരീക്ഷണങ്ങളില്‍ തളരാതെ തങ്ങളെ ഇവിടേക്ക് നയിച്ച ആ പരമപിതാവില്‍ പ്രത്യാശയര്‍പ്പിച്ച്, ചിന്തിയ വിയര്‍പ്പാണ് വിശുദ്ധ എസ്തപ്പാനോസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയത്തിന്റെ മൂലധനം.

1970 മുതലാണ് ഇവിടേക്ക് കുടിയേറ്റം ആരംഭിച്ചത്. ഉഴവൂര്‍ , അരീക്കര, പയസ്മൗണ്ട്, മ്രാല, ചേര്‍പ്പുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ഈ ഇടവകയിലെ അധികം പേരും. തങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ഒരു ദേവാലയം ഇല്ലാത്തതിലുള്ള ദുഃഖം തീരെ ചെറുതായി രുന്നില്ല. സീങ്കരമഠം കപ്പേളയിലായിരുന്നു ആ കാലഘട്ടങ്ങളില്‍ ആദ്ധ്യാത്മിക കാര്യങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ 1972 മാര്‍ച്ച് മാസം 26-ാം തീയതി ഓശാന ഞായറാഴ്ച പാലക്കാട് രൂപതയുടെ കീഴില്‍ ത്രിത്വമല യില്‍ ഒരു പള്ളി വെഞ്ചരിച്ചതോടെ എല്ലാ വരും അവിടെ സഹകരിച്ച് പോന്നു.
1974 മുതലാണ് സ്വന്തമായി ഒരു ദേവാലയത്തെക്കുറിച്ച് ഇവിടുത്തെ ക്‌നാനായമക്കള്‍ ചിന്തിച്ച് തുടങ്ങിയത്. തങ്ങളുടെ ആഗ്രഹം രൂപതാകച്ചേരിയില്‍ അറിയിച്ചതിന്റെ ഫലമായി അന്നത്തെ വികാരി ജനറാള്‍ മോണ്‍ സൈമണ്‍ കൂന്തമറ്റവും, പുലിക്കോട്ടില്‍ ബഹു. മത്തായി അച്ചനും ഇവിടെ വരികയും വാരികാട് തൊമ്മിതോമസിന്റെ ഭവനത്തില്‍വച്ച് ആലോചനായോഗം കൂടുകയും ചെയ്തു. കല്‍ക്കണ്ടി കള്ളമല ഭാഗങ്ങളില്‍ ഇടവകക്കാര്‍ കൂടുതലുള്ളതുകൊണ്ട് എല്ലാവരുടെയും സൗകര്യത്തിനായി കള്ളമലയുടേയും കല്‍ണ്ടിയുടെയും മദ്ധ്യഭാഗത്തായി സ്ഥലം കണ്ടെത്തുവാനും കല്ലടയില്‍ ചാണ്ടി, വടക്കേതൊട്ടിയില്‍ ജോസ്, തെക്കേക്കണ്ണോട്ട് ലൂക്ക, വാരികാട്ട് തൊമ്മിതോമസ്, ചേന്നാട്ട് ജോസഫ് എന്നിവരടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. അങ്ങനെ 1977 ല്‍ ആദ്യം കുളമ്പള്ളില്‍ ജോസഫില്‍ നിന്ന് 2.14 ഏക്കര്‍ സ്ഥലവും കല്ലടി കുഞ്ഞു മുഹമ്മദ് സാഹിബില്‍ നിന്ന് 1.7 ഏക്കര്‍ സ്ഥലവും പള്ളിക്കായിവാങ്ങി.

അധികം വൈകാതെ താത്കാലികമായി ഒരു ഷെഡ് പണിത് മോണ്‍ . സൈമണ്‍ കൂന്തമറ്റം രാജഗിരി ഇടവക സമൂഹത്തിന്റെ ആദ്യബലി പരമപിതാവിനര്‍പ്പിച്ചു. പ്രഥമ വികാരിയായി കുറകപ്പറമ്പില്‍ ബഹു. മത്തായി അച്ചനും പ്രഥമ കൈക്കാരന്‍മാരായി കല്ലടയില്‍ ചാണ്ടി, ചേന്നാട്ട് ജോസഫ് എന്നിവരും നിയമിതരായി, എന്നാല്‍ പ്രതികൂലകാലാവസ്ഥ പ്രഥമവികാരിയെ അധികനാള്‍ ഇവിടെ തുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ബഹു. തോമസ് കോട്ടൂര്‍ അച്ചന്‍ ഇവിടെ എത്തി ദിവ്യ ബലി അര്‍പ്പിച്ചു പോന്നു.
ബഹു. മൈക്കിള്‍ നെടും തുരുത്തിയില്‍ അച്ചന്‍ ഇവിടെ വികാരിയായി എത്തുന്നതോടെയാണ് കള്ളമലയുടെ മുഖച്ഛായ മാറി രാജഗിരിയാകുന്നത്. ദുഃഖങ്ങളിലും ദുരിതങ്ങളിലും മുങ്ങിതാണു കൊണ്ടിരുന്നവര്‍ക്ക് ഒരു രക്ഷകനെ കിട്ടിയ പ്രതീതിയായിരുന്നു അച്ചന്റെ വരവ്. അച്ചന്റെ നേതൃത്വത്തില്‍ പള്ളിമുറി പണിയുകയും തോട്ടപ്പാടി ബംഗ്ലാവില്‍നിന്നും അച്ചന്റെ താമസം പള്ളിമുറിയിലേക്ക് മാറ്റുകയും ചെയ്തു.

1977 ഡിസംബര്‍മാസത്തെ പൊതുയോഗത്തിലാണ് നിയതമായ രൂപത്തിലും ഘടനയിലും ദേവാലയം നിര്‍മ്മിക്കുന്നതിനെക്കുറിച്ചുള്ള ആലോചനശക്തമായത്. ഇടവകജനങ്ങള്‍ ഒറ്റക്കെട്ടായി മൈക്കിളച്ചന്റെ നേതൃത്വത്തില്‍ പള്ളിപണിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഈ അവസരത്തിലാണ് മൈക്കിളച്ചനെ സഹായിക്കുവാനായി ബഹുമാനപ്പെട്ട മാത്യു മൂലക്കാട്ടച്ചനെ പിതാവ് ഇവിടേക്കയക്കുന്നത് ഇന്ന് അദ്ദേഹം കോട്ടയം അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടത് കാണുമ്പോള്‍ കള്ളമല രാജഗിരി ഇടവക നിവാസികള്‍ക്ക് അത് സായുജ്യത്തിന്റെ നിമിഷങ്ങളാണ്. തങ്ങളുടെ പുതിയ പള്ളി 1979 ഏപ്രില്‍ മാസം 27-ാം തീയതി മാര്‍ . കുര്യാക്കോസ് കുന്നശ്ശേരി പിതാവ് വെഞ്ചരിച്ചു.
ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയ്ക്ക് ഒരു വിദ്യാലയം അനിവാര്യമാണ് എന്ന ചിന്ത മൈക്കിളച്ചനില്‍ ശക്തമാവുകയും ജൂലൈ 4 ന് ഈ പ്രദേശത്ത് നാനാ ജാതി മതസ്ഥരായ ജനങ്ങളുടെ സഹകരണത്തോടെ അത് കര്‍മ്മപഥത്തിലെത്തിക്കുകയും ചെയ്തു. കര്‍മ്മോത്സുകരായ അദ്ധ്യാപകരുടെ കീഴില്‍ 225 കുട്ടികള്‍ ഇവിടെ പരിശീലനം നടത്തുന്നു.
കോട്ടയം തിരുഹൃദയക്കുന്ന് ആസ്ഥാനമായ സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിന്റെ കീഴില്‍ 1979 ജൂണ്‍ 1 ന് ഇവിടെ ഒരു മഠം സ്ഥാപിക്കപ്പെട്ടു.

കുടിയേറ്റകര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിനുള്ള നല്ല പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ട് മൈക്കിളച്ചന്‍ ജനസമ്മത നായകനായി ത്തീര്‍ന്നു. തുടര്‍ന്ന് ഫാ. ജേക്കബ്ബ് വേഴപ്പറമ്പില്‍ , ഫാ. ജോയി കറുകപ്പറമ്പില്‍ , ഫാ. മാത്യു കണ്ടത്തില്‍ , ഫാ. ജോസ് കണ്ടത്തില്‍ , ഫാ. ഫിലിപ്പ് ആനിമൂട്ടില്‍ , ഫാ. ജോസ് കന്നുവെട്ടി, ഫാ. ജോസ് മാമ്പുഴയ്ക്കല്‍ , ഫാ. ബിജു ഞാഞ്ഞിലത്ത്, ഫാ. സജി മെത്താനത്ത്, ഫാ. സ്റ്റീഫന്‍ കുളക്കട്ടുകുടിയില്‍ ഫാ. മാത്യു ചേന്നാത്ത് എന്നീ വൈദികരുടെ സേവനങ്ങള്‍ ഇടവകയെ നാനാവിധത്തിലും വളര്‍ത്തി.

ഈ ഇടവകയില്‍ നിന്നും ഫാ. ജോയി ചേന്നാത്ത്, ഫാ. ബേബി പെരിങ്ങേലില്‍ , ഫാ. സതീഷ് രാമച്ചനാട്ട്, ഫാ. സജി തോട്ടത്തില്‍ , ഫാ. സ്റ്റിനി പടിക്കവീട്ടില്‍ എന്നിവരെ വൈദിക പദവിയിലേക്കും ഇന്ത്യയ്ക്കകത്തും പുറത്തുമായി 16 പേരെ സന്യാസിപദവിയിലേക്കും ഉയര്‍ത്തി. ഇടവക സമൂഹത്തോ ടുള്ള ദൈവസ്‌നേഹത്തിന്റെ ആഴം ഞങ്ങള്‍ തിരിച്ചറിയുന്നു. ഭക്തസംഘടനകളായ കെ. സി. വൈ. എല്‍ മിഷന്‍ലീഗ്, വിന്‍സെന്റ് ഡി പോള്‍ , ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് എന്നിവ വളരെ സ്തുത്യര്‍ ഹമാം വിധം ഇവിടെ സേവനമനുഷ്ഠിക്കുന്നു.