Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

St. Joseph’s Knanaya Catholic Church, Vadakkummury, Idukki

St. Joseph’s Knanaya Catholic Church Vadakkummuryകരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് പള്ളി ഇടവകക്കാരും അഞ്ചപ്ര, മഞ്ഞുമാവ്, വാലിപ്പാറ, മൂരിപ്പാറ, പാലപ്പുഴ, ചെള്ളല്‍, വടക്കുംമുറി എന്നീ സ്ഥലങ്ങളില്‍ താമസ ക്കാരുമായ ക്‌നാനായമക്കള്‍ വടക്കും മുറിയില്‍ തങ്ങള്‍ക്കൊരു പള്ളിയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവരാണ്. വഴിയുടെയും വണ്ടിയുടെയും അപര്യാപ്തമൂലം, മൂന്ന് കിലോ മീറ്ററിലധികം ദൂരം താണ്ടി കരിങ്കുന്നത്തെ ഇടവകപ്പള്ളിയില്‍ എത്തി മുഴുവന്‍ കുര്‍ബാനയില്‍ പങ്കു ചേരാന്‍ പലര്‍ക്കും സാധിച്ചിരുന്നില്ല. വടക്കുംമുറിയില്‍ സ്ഥിരതാമസക്കാരായ മറ്റപ്പിള്ളില്‍ മാത്യു മത്തന്‍, മറ്റപ്പിള്ളില്‍ മാത്യു ചാക്കോ, മറ്റപ്പിള്ളില്‍ കള്ളിക്കല്‍ പോത്തന്‍ മത്തായി, വെട്ടിക്കാട്ടില്‍ കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടിയാലോചിച്ച്, വടക്കും മുറിയില്‍ ഒരു പള്ളി പണിയുന്നതിനുള്ള അപേക്ഷ കോട്ടയം രൂപതയുടെ മെത്രാന്‍ അഭി. ചൂളപ്പറമ്പില്‍ തിരുമേനി മുന്‍പാകെ 1948 മാര്‍ച്ച് 19 ന് സമര്‍പ്പിച്ചു. അഭിവന്ദ്യ പിതാവ് ഈ അപേക്ഷ അനു വാദപൂര്‍വ്വം പരിഗണിക്കുകയും മേല്‍ നടപടികളായി കരിങ്കുന്നം പള്ളി വികാരിയായിരുന്ന പ്രാലേല്‍ ബഹുമാനപ്പെട്ട മത്തായി അച്ചനെ ചുമതലപ്പെടുത്തുകയും ചെയ്തു. പ്രാലേല്‍ അച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗം, വടക്കുംമുറിയില്‍ ഒരു പള്ളി ആവശ്യമാണ് എന്ന റിപ്പോര്‍ട്ട് അരമനയ്ക്ക് നല്‍കി. തുടര്‍ന്ന്, വഴിസൗകര്യമുള്ള ഒരു സ്ഥലം കണ്ടുപിടിച്ച് പള്ളിക്കായി തീറെഴുതി കൊടുക്കുവാനുള്ള കല്പന നിരന്തര പരിശ്രമത്തിന്റെ ഫലമായി ലഭിക്കുകയുണ്ടായി.

മറ്റപ്പള്ളില്‍ കുടുംബത്തിന്റെ തറവാടിരുന്ന സ്ഥലം (ഒരേക്കര്‍ 45 സെന്റ്) പള്ളി പണിയുന്നതിന്, മറ്റപ്പള്ളില്‍ മാത്യു ചാക്കോയും, മറ്റപ്പള്ളില്‍ മാത്യു മത്തനും ചേര്‍ന്ന് ദാനമായി വ്യവസ്ഥകളൊന്നെും കൂടാതെ നല്‍കുകണ്ടായി. ഇവരുടെ ഇളയ സഹോദരനായ കുരുവിള 23-മത്തെ വയസ്സില്‍ മരിച്ചതിനാല്‍ ടി സ്ഥലം ഒരു നല്ല കാര്യത്തിന് നല്‍കുന്നതിന് ജ്യേഷ്ഠ സഹോദരന്മാര്‍ തീരുമാനിക്കുകയായിരുന്നു. 1956 മാര്‍ച്ച് 19-ന് പള്ളിക്ക് കല്ലിടുവാനായി അഭിവന്ദ്യ തോമസ് തറയില്‍ പിതാവ് വടക്കുംമുറിയില്‍ വന്നു. പള്ളി പണിക്ക് നേതൃത്വം കൊടുത്ത മറ്റപ്പിള്ളില്‍ മാത്യു ചാക്കോ, മാത്യു മത്തന്‍, കള്ളിക്കല്‍ പോത്തന്‍ മത്തായി, വെട്ടിക്കാട്ടില്‍ കുര്യന്‍ ഏബ്രഹാം എന്നിവരെ സഹകരിപ്പിച്ചുകൊണ്ട് അഭിവന്ദ്യ പിതാവ് ശിലാസ്ഥാപനം നിര്‍വഹിച്ചു.

കരിങ്കുന്നം പള്ളിയുടെ പണി നടന്നുകൊണ്ടിരുന്നതിനാലും, സാമ്പത്തിക പരിമിതികളാലും പള്ളിപണി മന്ദഗതിയിലാണ് നീങ്ങിയത്. ഇതിനിടയില്‍ കോട്ടയം അരമനയില്‍ നിന്ന് അനുമതി ലഭിച്ചതിനെതുടര്‍ന്ന് ഇവിടെ ഒരു താല്കാലിക ഷെഡ് നിര്‍മ്മിച്ച് 1961 മാര്‍ച്ച് 19-ാം തീയതി മുതല്‍ സ്ഥിരമായി ഞായറാഴ്ച കുര്‍ബാനആരംഭിച്ച്. വി. യൗസേപ്പിതാവിന്റെ നാമധേയം പള്ളിക്കു നല്‍കുകയും ചെയ്തു. പള്ളി പണിക്ക് മുന്‍നിരയില്‍ നിന്ന് നയിച്ചത് ബഹു. തോമസ് തേരന്താനത്തച്ചനായിരുന്നു. മറ്റപ്പള്ളില്‍, കള്ളിക്കല്‍, വെട്ടിക്കാട്ടില്‍ എന്നീ കുടുംബങ്ങ ളോടൊപ്പം തട്ടായത്ത്, വടക്കേക്കര, നടുപ്പറമ്പില്‍, കല്ലേല്‍, കോലിക്കര, തടത്തില്‍, മൂടിക്കല്ലേല്‍, പാറടി, വട്ടപ്പറമ്പില്‍, താന്നിയാപാറ, അള്ളുകല്‍ എന്നീ കുടുംബക്കാരും പള്ളി പണിയില്‍ സഹകാരി കളായി.
1964 മാര്‍ച്ച് 19-ാം തീയതി അഭിവന്ദ്യ തോമസ് തറയില്‍ പിതാവ് പള്ളിയുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു.

1979-ല്‍ ബിഷപ്പ് തറയില്‍ മെമ്മോറിയല്‍ എല്‍.പി. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1990-ല്‍ വടക്കുംമുറി കവലയില്‍ വി. അന്തോനീസിന്റെ നാമത്തിലുള്ള കുരിശുപള്ളി സ്ഥാപിച്ചു. മറ്റപ്പള്ളില്‍ എം. കുരുവിള നിര്‍മ്മിച്ച് നല്‍കിയ താണ് ഈ കുരിശുപള്ളി ഇവിടെ ഒരു കന്യകാമഠം സ്ഥാപിക്കുവാനായി മറ്റപ്പള്ളില്‍ മാണി തന്റെ അര ഏക്കര്‍ സ്ഥലം സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന് ദാനമായി നല്‍കി. ആയതിനാല്‍ 2001 മുതല്‍ സെന്റ് ജോസഫ്‌സ് സിസ്റ്റേഴ്‌സിന്റെ ഒരു ഭവനം ഇവിടെ പ്രവര്‍ത്തനമാരംഭിച്ചു. മഠത്തി നോടനുബന്ധിച്ച് നേഴ്‌സറി സ്‌കൂളും പ്രവര്‍ത്തനം തുടങ്ങി.

ഇടവകയില്‍ 77 കുടുംബങ്ങളായി നാനൂറോളം അംഗങ്ങളുണ്ട്. കുടുംബങ്ങളെ മൂന്ന് കൂടാര യോഗങ്ങളിലായി തിരിച്ച് പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നടത്തിവരുന്നു. ഇവിടെ പ്രവര്‍ത്തിക്കുന്ന സണ്‍ഡേ സ്‌കൂളില്‍ 80 കുട്ടികളും ഉണ്ട്. ഇടവകയില്‍ നിന്ന് ദൈവവിളി സ്വീകരിച്ച ഒരു വൈദികനും, സന്യാസ സമര്‍പ്പിത ജീവിതത്തില്‍ രണ്ട് ബ്രദേഴ്‌സും, ആറ് സിസ്റ്റേഴ്‌സുമുണ്ട്. തിരുബാലസംഖ്യം, മിഷന്‍ലീഗ്, കെ.സി.വൈ.എല്‍., കെ.സി.സി., കെ.സി.ഡബ്ലൂ.എ. വിന്‍സെന്റ് ഡി. പോള്‍ എന്നീ ഭക്തസംഘടനകള്‍ ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. ജനുവരി മാസത്തെ രണ്ടാമത്തെ ഞായറാഴ്ച ഈ ഇടവകയുടെ പ്രധാനതിരുനാള്‍ ആഘോഷിക്കുന്നു. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിനമായ മാര്‍ച്ച് 19 വളരെ ഭക്തിപൂര്‍വ്വം ഇവിടെ ആഘോഷിക്കുന്നുണ്ട്. ഇടവകപ്പള്ളിയുടെ കല്ലിട്ട തിരുനാള്‍ ദിനമാണ് അന്ന്. അന്നേ ദിവസത്തെ തിരുക്കര്‍മ്മങ്ങളില്‍ നാനാജാതി മതസ്ഥര്‍ പങ്കുകാരാവുകയും തിരുനാള്‍ പ്രസുദേന്തിമാരാവുകയും ചെയ്യുന്നു.