Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

St. John Nepumcen Knanaya Catholic Church, Kumarakom

St. John Nepumcen Knanaya Catholic Church Kumarakomകോട്ടയം, കടുത്തുരുത്തി, ഉഴവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വന്നു ചേര്‍ന്നവരാണ് കുമരകത്തെ ആദ്യകാല ക്‌നാനായക്കാര്‍ . ഇവര്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ കോട്ടയത്തെ വലിയപള്ളിയിലും പിന്നീട് ഇടയ്ക്കാട്ട് ഫൊറോനാ പള്ളിയിലും, അതിനുശേഷം കുമരകം വടക്കുംപള്ളിയിലുമായി നിര്‍വഹിച്ചു പോന്നു. ആത്മീയ പരിപോഷണം സജീവമാക്കുന്നതിന് ഇവിടെ ഒരു ദേവാലയം വേണമെന്ന് അവര്‍ ആഗ്രഹിക്കുകയും അതിന്‍പ്രകാരം വരാപ്പുഴ അതിരൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ഫ്രാന്‍സിസ്‌കോസ് ദേവാലയ സ്ഥാപനത്തിനുള്ള മേലദ്ധ്യക്ഷാനുമതി നല്കുകയും, നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ചുമതല അന്ന് ഇടയ്ക്കാട്ട് പള്ളിയുടെ വികാരിയായിരുന്ന ബഹു. എസ്തഫാനോസച്ചനെ ഏല്പിക്കുകയും ചെയ്തു. ഗവണ്‍മെന്റ് അനുവാദം, നായന്മാരില്‍ പ്രധാനിയും സ്വാതിതിരുനാള്‍ മഹാരാജാവില്‍ ഏറെ സ്വാധീനവുമുണ്ടായിരുന്ന മണിമല ചന്ദ്രക്കാരന്‍ വഴി മഹാരാജാവില്‍ നിന്നും ലഭ്യമാക്കുകയും ചെയ്തു. 1841 ഒക്‌ടോബര്‍ 28-ന് വിശുദ്ധ സെമെയോണ്‍, വി.യൂദാതദ്ദേവൂസ് എന്നീ ശ്ലീഹന്മാരുടെ തിരുനാള്‍ ദിനത്തില്‍ ഇടയ്ക്കാട്ടു പള്ളി വികാരി എസ്തഫാനോസച്ചന്‍ ശിലാസ്ഥാപനം നടത്തി, ദേവാലയ നിര്‍മ്മാണം ആരംഭിച്ചു. ഇടവക മദ്ധ്യസ്ഥന്‍ ആരായിരിക്കണമെന്ന് തര്‍ക്കം ഉണ്ടായതിനാല്‍ നറുക്കിടുകയും, കുമരകത്തെ ആദ്യത്തെ കത്തോലിക്കപള്ളിയായിരുന്ന വടക്കും പള്ളിയുടെ മദ്ധ്യസ്ഥനായ വി. യോഹന്നാന്‍ നെപുംസ്യാനോസിന്റെ പേര് തന്നെ മൂന്നു പ്രാവശ്യവും നറുക്കു വീഴുകയും ചെയ്തതിനാല്‍ വിശുദ്ധനെ തന്നെ ഇടവക മദ്ധ്യസ്ഥനായി തീരുമാനിക്കുകയും ചെയ്തു. ഏഴ് മാസം കൊണ്ട് പള്ളിയുടെ പണി പൂര്‍ത്തീകരിച്ച് വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാള്‍ ദിനമായ 1842 മെയ് 16-ന് മാന്നാനം കര്‍മലീത്ത കൊവേന്തയുടെ സ്ഥാപകനും സുറിയാനിക്കാരുടെ വികാരി ജനറാളുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ പള്ളിയുടെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ച്, പ്രഥമദിവ്യബലി അര്‍പ്പിച്ചു. പഴുക്കായില്‍ ബഹു. മത്തായി അച്ചനാണ് പ്രഥമ വികാരി. 1839-ല്‍ വൈദികപട്ടം സ്വീകരിച്ച വട്ടക്കളത്തില്‍ ബഹു. ഔസേപ്പച്ചനാണ് ഈ ഇടവകയുടെ പ്രഥമ വൈദികന്‍. 1898-ല്‍ പള്ളി മേട സ്ഥാപിച്ചു. തുടര്‍ന്ന് ആ വര്‍ഷം തന്നെ പള്ളിക്ക് മനോഹരമായ മോണ്ടളവും പണിതു. 1913-ല്‍ ഇപ്പോഴുള്ള കോട്ടക്കുരിശ് പണികഴിപ്പിക്കുകയും ദൈവദാസന്‍ മാക്കീല്‍ പിതാവ് അത് വെഞ്ചരിക്കുകയും ചെയ്തു. പിന്നീട് പള്ളിയില്‍ സ്ഥാപിച്ച ഈശോയുടെ തിരുഹൃദയരൂപം അഭിവന്ദ്യ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവ് വെഞ്ചരിച്ച് ഇടവകയെ ഈശോയുടെ തിരുഹൃദയത്തിനു സമര്‍പ്പിച്ചു. ഇവിടെ ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കുമായി ഉണ്ടായിരുന്ന വെവ്വേറെയുള്ള കളരികള്‍ , പിന്നീട് കുഴിവേലില്‍ ഗ്രാന്റ് സ്‌കൂളായി മാറി. ഈ സ്‌കൂള്‍ പിന്നീട് ഇടവക ഏറ്റെടുത്ത് സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ എന്ന് നാമകരണം ചെയ്തു. 1927-ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോണ്‍സലാത്ത മെമ്മോറിയല്‍ എല്‍ .പി.സ്‌കൂള്‍ സ്ഥാപിച്ചു. 1910-ല്‍ ദൈവദാസന്‍ മാക്കീല്‍ പിതാവിനാല്‍ പരി. അമലോത്ഭവമാതാവിന്റെ ദര്‍ശനസമൂഹം സ്ഥാപിക്കപ്പെട്ടു. ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം എല്‍ .പി. സ്‌കൂള്‍ 1976-ല്‍ സ്ഥാപിതമായതാണ്. 1916 ഒക്‌ടോബര്‍ 28-ന് പള്ളിയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഒക്‌ടോബര്‍ 27-ന് 12 മണിക്കൂര്‍ ആരാധനയ്ക്ക് മാര്‍ ചൂളപ്പറമ്പില്‍ തിരുമേനിയും, എറണാകുളം രൂപതയുടെ മെത്രാന്‍ മാര്‍ ആഗസ്തിനോസ് കണ്ടത്തില്‍ പിതാവും കൂടി ചേര്‍ന്ന് ആരംഭം കുറിച്ചു. അന്നുമുതല്‍ ഇന്നുവരെയും എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 27-ന് 12 മണിക്കൂര്‍ ആരാധനനടന്നു വരുന്നു. 1961 ജൂണ്‍ 4-നാണ് വിസിറ്റേഷന്‍ സന്യാസ സഭയുടെ മഠം, വിശാഖംതറ, ബഹു. ഫിലിപ്പച്ചന്‍ ദാനമായി നല്കിയ കെട്ടിടത്തില്‍ സ്ഥാപിതമായത്. പള്ളി പുതുക്കി പണിയണമെന്ന് തീരുമാനിച്ചപ്പോള്‍ തിരുക്കര്‍മ്മങ്ങള്‍ക്കായി 1963 ജൂലൈ 16-ാം തീയതി ഡാര്‍ജിലിങ് മെത്രാന്‍ എറിക്‌സാമിന്റെ, സാന്നിദ്ധ്യത്തില്‍ അഭി. തറയില്‍ പിതാവ് തറക്കല്ലിട്ട്, രണ്ട് മാസം കൊണ്ട് പണി പൂര്‍ത്തികരിച്ച,് വി. മത്തായി ശ്ലീഹായുടെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 21-ന് ബഹു. കാമിച്ചേരില്‍ ഫിലിപ്പച്ചന്‍ വെഞ്ചരിച്ചതാണ് ഇപ്പോഴത്തെ സെമിത്തേരിപ്പള്ളി. ഇപ്പോഴുള്ള ദേവാലയത്തിന്റെ പണികള്‍ 1963 ഒക്‌ടോബര്‍ 28-ന് ആരംഭിച്ചു. ഈ ദേവാലയം 1969 മെയ് 31-ന് കേരളത്തിലെ ആദ്യത്തെ കര്‍ദ്ദിനാളായിരുന്ന മാര്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ്, മാര്‍ തോമസ് തറയില്‍ , മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവ്, ബിഷപ്പ് അംബ്രോസ് എന്നിവരുടെ സഹകാര്‍മികത്വത്തില്‍ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു.
കുമരകം ചന്തക്കവലയില്‍ പരി. മാതാവിന്റെ നാമത്തിലുള്ള കുരിശുപള്ളി 1984 ഡിസംബര്‍ 7-നും, ബിഷപ്പ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ പാരിഷ് ഹാള്‍ 1992 മെയ് 12നും, മാര്‍ കുര്യാക്കോസ് കുന്നശ്ശേരി നിര്‍വഹിച്ചു. 1911-ല്‍ മാര്‍ മാത്യു മാക്കീല്‍ എന്ന നാമത്തില്‍ ഒരു വായനശാലയും, 1931 മാര്‍ച്ച് 1-ാം തീയതി ക്‌നാനായ കാത്തോലിക്കാ യുവജനസംഘം എന്നപേരില്‍ ഒരു സമാജവും സ്ഥാപിതമായി. ആ സമാജമാണ് ഇന്ന് കെ.സി.വൈ.എം.എ എന്ന പേരില്‍ അറിയപ്പെടുന്നത്.ഇവിടെ ഇപ്പോള്‍ സെന്റ് ജോണ്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പെണ്‍കുട്ടികള്‍ക്കായി തയ്യല്‍ സ്‌കൂളും പ്രവര്‍ത്തിക്കുന്നു.

തിരുബാലസഖ്യം, ചെറുപുഷ്പം മിഷന്‍ലീഗ്, കെ.സി.വൈ.എല്‍ ., വിന്‍സന്റ് ഡി പോള്‍ , ലീജിയന്‍ ഓഫ് മേരി എന്നീ സംഘടനകള്‍ പ്രവര്‍ത്തനനിരതമാണ്. വിശ്വാസപരിശീലനത്തിനുവേണ്ടി സണ്‍ഡേ സ്‌കൂളിന്റെ പ്രവര്‍ത്തനവും സജീവമായി നടന്നുവരുന്നു. 16 കൂടാരയോഗങ്ങള്‍ , ഇടവകയുടെ ആത്മീയകരുത്ത് പകരുന്നതാണ്. ഈ ഗ്രാമത്തിലെ നാനാജാതി മതസ്ഥര്‍ ഉള്‍ക്കൊള്ളുന്ന കെ.എസ്.എസിന്റെ 16 സ്വാശ്രയ ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചു വരുന്നു. എല്ലാ വര്‍ഷവും മെയ് 12 മുതല്‍ 16 വരെ പ്രധാനതിരുനാള്‍ നടക്കുന്നു.
ഇന്ന് 450 കുടുംബങ്ങളിലായി 2500-ല്‍ പരം ഇടവകാംഗങ്ങള്‍ ഇവിടെ ഒന്ന് ചേര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്നു.