Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

SS. Peter & Paul Knanaya Catholic Church, Cherpunkal

SS. Peter & Paul Knanaya Catholic Church Cherpunkalചേര്‍പ്പുങ്കല്‍ നിവാസികളായ ക്‌നാനായ കത്തോലിക്കരുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ്‌ ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളി. പൈങ്ങുളം പഴയപള്ളിയില്‍ ഉള്‍പ്പെട്ടിരുന്ന ചേര്‍പ്പുങ്കല്‍ക്കാരായ ക്‌നാനായക്കാര്‍ മാസത്തിലൊരിക്കല്‍ ഏതെങ്കിലും അംഗത്തിന്റെ ഭവനത്തില്‍ സമ്മേളിച്ച്‌ പ്രാര്‍ത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും നാലു ചക്രം വീതം വരിവീതമായി സ്വീകരിക്കുകയും ചെയ്‌തിരുന്നു. ദുഷ്‌കരമായ വഴിയിലൂടെ ആറു കിലോമീറ്ററോളം യാത്ര ചെയ്‌ത്‌ ജ്ഞാനസ്‌നാനം, വിവാഹം, മൃതസംസ്‌കാരം മുതലായ ആവശ്യങ്ങള്‍ നിറവേറ്റുന്നത്‌ ക്ലേശകരമായതിനാല്‍ ക്‌നാനായക്കാര്‍ക്കുവേണ്ടി ചേര്‍പ്പുങ്കല്‍ ഒരു പള്ളി സ്ഥാപിക്കണമെന്ന്‌ ഈ മാസക്കൂട്ടം ആഗ്രഹിച്ചു.

1911-ല്‍ പരിശുദ്ധസിംഹാസനം ക്‌നാനായ കത്തോലിക്കര്‍ക്കു മാത്രമായി കോട്ടയം വികാരിയാത്ത്‌ പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന്‌ 1911 നവംബര്‍ 23-ാം തീയതി പൈങ്ങുളം പഴയപള്ളിയിലെ 225 കുടുംങ്ങള്‍ 1278 അംഗങ്ങള്‍ കോട്ടയം മിസത്തിലേക്കും 73 വീട്ടുകാരും 376 അംഗങ്ങളും ചങ്ങനാശ്ശേരി മിസത്തിലേക്കുമായി പൈങ്ങുളം പള്ളിയില്‍ നിന്നും പിരിഞ്ഞു. 1912 നവംബര്‍ 14ന്‌ പള്ളിക്കും സ്വത്തുക്കള്‍ക്കും കൂടി രൂ. 10000/ വിലവച്ച്‌ രജിസ്റ്റര്‍ ഉടമ്പടി പ്രകാരം പകുതിവില 5000/ രൂപ തെക്കുംഭാഗര്‍ വാങ്ങി. പൈങ്ങുളം പള്ളി വിഭജിച്ചതോടെ, തെക്കുംഭാഗരുടെ വികാരിയായിരുന്ന മാക്കീല്‍ വലിയ ലൂക്കാച്ചന്റെ നേതൃത്വത്തില്‍ ദൈവമാതാവിന്റെ നാമത്തില്‍ ക്‌നാനായക്കാര്‍ ചെറുകരപ്പള്ളി നിര്‍മ്മാണം ആരംഭിച്ചു. തുടര്‍ന്ന്‌ തങ്ങള്‍ക്കു സ്വന്തമായൊരു പള്ളി അനുവദിക്കണമെന്ന്‌ അപേക്ഷിച്ച്‌, ചേര്‍പ്പുങ്കലെ ക്‌നാനായക്കാര്‍ , അഭിവന്ദ്യ മാക്കീല്‍ പിതാവിനെ സമീപിച്ചു. കല്ലൂര്‍ പള്ളി പണിയുന്നതിന്‌ ഔദ്യോഗിക അനുമതിയോ വൈദിക നേതൃത്വമോ ലഭിച്ചില്ല. എന്നാല്‍ പള്ളിക്കുവേണ്ടി മാസക്കൂട്ടത്തിന്റെ വകയായി വസ്‌തു വാങ്ങി കെട്ടിടം പണിയുന്നതിന്‌ മെത്രാസനകച്ചേരിയില്‍ നിന്നോ ഇടവക വികാരിയില്‍ നിന്നോ എതിര്‍പ്പ്‌ ഒന്നും ഉണ്ടായിരുന്നില്ല.

കിടങ്ങൂര്‍ ഗ്രാമാതിര്‍ത്തിയില്‍ പുതിയ പള്ളി പാടില്ലെന്ന്‌ വന്നതിനാല്‍ പുത്തേട്ടു പുരയിടം വിറ്റിട്ട്‌, ചകിണിതോടിനക്കരെ പുലിയന്നൂര്‍ പ്രവൃത്തിയില്‍ (വില്ലേജ്‌) കല്ലൂര്‍ പുരയിടം വാങ്ങി. ഇടവകക്കാര്‍ വീതപ്പണി ചെയ്‌തും പറ്റാത്തവര്‍ സ്വന്തം ചെലവില്‍ കൂലിക്കാരെ അയച്ചു കൊടുത്തും നാട്ടുകാരുടെ സഹകരണത്തോടെയും വാരികാട്ട്‌ ചാണ്ടി ചാക്കോയുടെ നേതൃത്വത്തില്‍ അന്യകരകളില്‍ പിരിവു നടത്തിയും പള്ളി പണി തുടര്‍ന്നു. 1911-ല്‍ വരിവീതമിട്ട്‌ ആരംഭിച്ച പള്ളി പണിക്ക്‌ 1913-ല്‍ അരമനയില്‍ നിന്ന്‌ അംഗീകാരം ലഭിക്കുകയും 1914-ല്‍ ചെറുകരപ്പള്ളിയുടെ കുരിശുപള്ളിയാക്കി വെഞ്ചരിക്കുകയും 1919 മാര്‍ച്ച്‌ 14-ാം തീയതി പൂര്‍ണ്ണ ഇടവകയാക്കി ഉയര്‍ത്തുകയും ചെയ്‌തു. 1919 ജൂണ്‍ 29-ാം തീയതി അന്നത്തെ രൂപതാ അദ്ധ്യക്ഷനായിരുന്ന അഭി. ചൂളപ്പറമ്പില്‍ പിതാവിന്റെ കല്‌പന പ്രകാരം ബഹു. മാക്കീല്‍ ലൂക്കാച്ചന്‍ ദേവാലയം വെഞ്ചരിച്ച്‌, ആദ്യമായി ദിവ്യബലി അര്‍പ്പിച്ചു. വി. പത്രോസ്‌, പൗലോസ്‌ ശ്ലീഹന്മാരെ പള്ളിയുടെ മദ്ധ്യസ്ഥരായി തീര്‍ച്ചപ്പെടുത്തി. ചെറുകരപ്പള്ളിയുടെ കുരിശുപള്ളിയെന്ന നിലയില്‍ കോട്ടൂര്‍ വലിയ ജോണച്ചനെ കല്ലൂര്‍ പള്ളിയുടെ ആദ്യത്തെ പ്രോ വികാരിയായി പിതാവ്‌ നിയമിച്ചു.

വിവിധ കാരണങ്ങളാല്‍ , ചേര്‍പ്പുങ്കല്‍ കവലയ്‌ക്കു സമീപമുള്ള കല്ലൂര്‍ പള്ളിയുടെ കുരിശുപള്ളി പൊളിച്ച്‌, വിശ്വാസികള്‍ക്ക്‌ ദിവ്യ ബലി യില്‍ സംബന്ധിക്കത്തക്കവിധം പുതിയ പള്ളി പണിയുവാന്‍ നിശ്ചയിച്ചു. 1990 ജനുവരി 14-ാം തീയതി കോട്ടയം രൂപതാദ്ധ്യക്ഷന്‍ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി പുതിയ പള്ളിക്കു തറക്കല്ലിട്ടു. അംഗങ്ങളില്‍ നിന്നും വരിവീതമിട്ടതും പിരിവുനടത്തിയതും കൂടാതെ രൂപതാ അദ്ധ്യക്ഷനില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും സാമ്പത്തിക സഹായവും ലഭിക്കുകയുണ്ടായി. വികാരി ബഹു. ഫാ. ജോണ്‍ കൈനിക്കരപ്പാറയുടെ നേതൃത്വത്തില്‍ മുഴുവന്‍ ഇടവകക്കാരുടെയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും 1993 ഫെബ്രുവരി 14-ാം തീയതി അഭിവന്ദ്യ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി പിതാവ്‌ പുതിയ പള്ളിയുടെ കൂദാശകര്‍മ്മം നിര്‍വഹിച്ചു. ബഹു. സൈമണ്‍ ഊരാളിലച്ചന്റെ പരിശ്രമഫലമായി 1995-ല്‍ വിസിറ്റേഷന്‍ സഭാസമൂഹത്തിന്റെ ഒരു മഠവും പള്ളിയോടു ചേര്‍ന്ന്‌ ഒരു പാരിഷ്‌ഹാളിനുള്ള സ്ഥലവും നേടുവാന്‍ സാധിച്ചു. എല്ലാ വര്‍ഷവും വി. സെബസ്‌ത്യാനോസിന്റെ നാമത്തിലുള്ള പ്രധാനതിരുനാള്‍ കൂടാതെ മാതാവിന്റെ പിറവിത്തിരുനാളും ജൂണ്‍ 29-ാം തീയതി പത്രോസ്‌-പൗലോസ്‌ ശ്ലീഹന്മാരുടെ നാമത്തില്‍ കല്ലിട്ടതിരുനാളും ആഘോഷമായി നടത്തുന്നു.