Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Sad Demise of Fr Mathew Chellakandathil

Sad Demise of Fr Mathew Chellakandathil

  • September 4, 2018

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികനും സുറിയാനി പണ്ഡിതനുമായ ഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ (89) നിര്യാതനായി. 1957 ല്‍ വൈദികപട്ടം സ്വീകരിച്ച് കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ആരംഭിച്ച ഫാ. മാത്യു ഉഴവൂര്‍ അസിസ്റ്റന്റ് വികാരിയായും ഞീഴൂര്‍, അറുനൂറ്റിമംഗലം, മാറിക, പുതുവേലി, മടമ്പം, പുന്നത്തുറ, പാലത്തുരുത്ത്, മള്ളൂശ്ശേരി, പേരൂര്‍, ചുങ്കം, കേതനല്ലൂര്‍ ഇടവകകളില്‍ വികാരിയായും മൈനര്‍ സെമിനാരി റെക്ടര്‍, തൂവാനിസ പ്രാര്‍ത്ഥനാലയം ഡയറക്ടര്‍, സെമിനാരി പ്രൊഫസര്‍, ബി.സി.എം കോളേജ് അദ്ധ്യാപകന്‍, കിടങ്ങൂര്‍ എല്‍.എല്‍.എം ആശുപത്രി ചാപ്ലെയിന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാറിക സെന്റ് ആന്റണീസ് പള്ളി ഇടവക ചെള്ളക്കണ്ടത്തില്‍ ജോസഫ്, മറിയം ദമ്പതികളുടെ മകനായി 1929 ല്‍ ജനിച്ചു. കുര്യാക്കോസ്, പുന്നൂസ് എന്നിവര്‍ സഹോദരങ്ങളാണ്. ഫാ. ടോമി ചെള്ളക്കണ്ടത്തില്‍ സി.എം.ഐ സഹോദര പുത്രനാണ്.

മൃതസംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 7-ാം തീയതി (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് ചെള്ളക്കണ്ടത്തില്‍ കുര്യാക്കോയുടെ ഭവനത്തില്‍ ആരംഭിക്കുന്നതും 11.30 ന് മാറിക സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമാണ്.  ഉച്ചകഴിഞ്ഞ് 2 മണിക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ സമാപന ശുശ്രൂഷകള്‍ ഇടവക ദൈവാലയത്തില്‍ നടത്തപ്പെടും.

ഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ എളിമയുടെയും ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും പ്രതീകമായിരുന്നു. തന്റെ പൗരോഹിത്യ ജിവീതത്തെക്കുറിച്ച് എന്നും സന്തോഷവാനായ മനുഷ്യന്‍

1957 ല്‍ പട്ടമേറ്റ അന്നുതൊട്ട് തന്റെ അവസാന ദിവസം വരെ ഒരു പുരോഹിതനായതില്‍ താന്‍ സന്തോഷിക്കുന്നുവെന്നു പറയാന്‍ കഴിഞ്ഞവൈദികന്‍. അസാധാരണത്വങ്ങളൊന്നും തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നുവെന്നു അദ്ദേഹം കരുതിയിരുന്നില്ല. എന്നാല്‍ സാധാരണകാര്യങ്ങളെ അസാധാരണവിശുദ്ധിയോടെയും ശ്രദ്ധയോടെയും അദ്ദേഹം കൈകാര്യം ചെയ്തു. തന്റെ ജീവിതത്തിലെല്ലാം ദൈവത്തിന്റെ കാരുണ്യം കണ്ട മനുഷ്യനായിരുന്നു ചെള്ളക്കണ്ടത്തിലച്ചന്‍. അദ്ദേഹം ദൈവാനുഗ്രഹം കണ്ട വഴികള്‍ അതിശയകരമായിരുന്നു. ദൈവത്തിന് ഞാന്‍ നന്ദിപറയുന്നു. കാരണം, എനിക്ക് ആരോടും ഒരു വെറുപ്പുമില്ല. ആര്‍ക്കും എന്നോടും ഉണ്ടെന്ന് കരുതുന്നില്ല. എല്ലാവരും, മെത്രാന്മാരും വൈദികരും ഞാനിരുന്ന സ്ഥലങ്ങളിലെ ഇടവകക്കാരും നാനാജാതി മതസ്ഥരായ ആളുകളും എന്നോട് സ്‌നേഹത്തോടെയാണ് എന്നും പെരുമാറിയിരുന്നത് .. അദ്ദേഹം പറയുമായിരുന്നു.

ജീവിതത്തിലെ എല്ലാ നിമിഷവും  ദൈവം നമ്മെ പരിപാലിക്കുമെന്നു ഉറച്ചു വിശ്വസിച്ച  ചെള്ളക്കണ്ടത്തിലച്ചന്റെ ജീവിതം ദൈവാശ്രയബോധത്തിന്റേതായിരുന്നു. ജോലി ചെയ്യുമ്പോഴും തമാശ പറയുമ്പോഴും അച്ചൻ ദൈവത്തോടൊപ്പമായിരുന്നു. രാവിലെ അഞ്ചു മണിക്ക് മുൻപേ തുടങ്ങുന്ന ദിവസമായിരുന്നു ബ. മത്തായിയച്ചന്റേത്. സപ്ര പ്രാർത്ഥനയുടെ സ്ലോസേകളും സങ്കീർത്തനങ്ങളും കാണാപ്പാഠമായിരുന്ന അദ്ദേഹത്തിന് ഓരോ ദിവസവും മാറി വരുന്ന പ്രാർത്ഥനകൾ മാത്രമേ നമസ്കാരപുസ്തകത്തിൽ നോക്കേണ്ടതുണ്ടായിരുന്നുള്ളൂ. തുടർന്ന് ധ്യാനം, കുമ്പസാരിപ്പിക്കൽ, പരി കുർബാന, എന്നിവ അസുഖമില്ലെങ്കിൽ മുടക്കേണ്ടിവന്നിരുന്നില്ല.

അധ്യാപനകാലത്തു സുറിയാനി പഠിപ്പിക്കാൻ പോകുക അല്ലെങ്കിൽ പൂന്തോട്ടത്തിൽ ജോലിചെയ്യുക തുടങ്ങിയവ അച്ചനു സന്തോഷകരമായിരുന്നു. ഒരിക്കൽ തോട്ടത്തിൽ ഒരു ബനിയനും പാന്റ്സുമിട്ടു കൈ തൂമ്പയും പിടിച്ചു നിന്ന് അച്ഛനോട് പള്ളിയിൽ വന്ന ഒരു ചേടത്തി  ചോദിച്ചു. അച്ചനിവിടെ  ഇല്ലേ?

ചേടത്തി കാര്യം പറഞ്ഞോ?

അത് അച്ചനോട് മാത്രമേ പറയൂ.

എന്നാൽ ചേടത്തി ഇരിക്ക് എന്ന് പറഞ്ഞു . തുടർന്ന് തോട്ടക്കാരൻ പോയി ളോഹയിട്ടു വന്നു.

ഇനി പറഞ്ഞോ..

തോട്ടത്തിലെ ചെടികളോടും പൂക്കളോടും വളർത്തുമൃഗങ്ങളോടും പോലും സംസാരിക്കുന്ന അച്ചൻ മറ്റൊരു ഫ്രാൻസിസ് അസ്സീസിയായി.

ഉച്ചതിരിഞ്ഞു റംശാ നമസ്കാരവും പിന്നെ കൊന്തയും തുടർന്ന് ലെലിയയും (രാത്രിജപം) മുടക്കാതെ പ്രാർത്ഥനയുടെ ഉപാസകനായിരുന്ന അച്ഛനോട് എങ്ങനെ യാണ് ഇപ്രകാരം സമയക്രമം തെറ്റാതെ പ്രാർത്ഥിക്കാൻ തോന്നുന്നതു എന്ന് ചോദിച്ചാൽ പറയുന്ന മറുപടി ഇങ്ങനെയായിരിക്കും. ഞാൻ ഒരു കടുംപിടുത്തക്കാരനൊന്നു അല്ല. പ്രാർത്ഥിക്കാൻ വേണ്ടിയാണ് അച്ചനായത് . അതിനു മടി വിചാരിക്കേണ്ട കാര്യമില്ലല്ലോ. പിന്നെ ക്ഷീണമൊക്കെയാണെങ്കിൽ ഒരു കൊന്തയെങ്കിലും ചെല്ലണം. ദൈവം ബാക്കി നോക്കിക്കൊള്ളും.

യാത്രക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും പള്ളിയിൽ കയറി ഒരു സന്ദർശനം കഴിഞ്ഞെ വരുകയുള്ളൂ. അച്ചൻ എന്താണ് ഈശോയോട് പറയുന്നത് എന്ന് ചോദിക്കുമ്പോൾ കിട്ടുന്ന മറുപടി ഇത്രമാത്രം. ഞാൻ ഇറങ്ങുമ്പോൾ  പറയും കർത്താവേ ഞാൻ യാത്ര പോകുന്നു. നീ നോക്കിക്കോണേ . തിരിച്ചു വരുമ്പോൾ പറയും ഈശോയെ ഞാൻ വന്നു. നീ പരിപാലിച്ചതിനു നന്ദി. ദൈവം എന്നെ എന്നും പരിപാലിച്ചിട്ടേയുള്ളൂ. ഇനിയും അങ്ങനെ തന്നെ ആയിരിക്കും എന്ന് എനിക്കറിയാം.

ഈ ഭൂമിയിൽ തന്നെ കൈവിടാതിരുന്ന ദൈവത്തിന്റെ കയ്യിൽ മുറുകെപ്പിടിച്ചു ആരോടും ഒന്നിനോടും പരാതി പറയാതെ അടുത്ത ലോകത്തിലേക്ക് യാത്ര തിരിച്ച ചെള്ളക്കണ്ടത്തിൽ മത്തായിയച്ചൻ  സ്വർഗീയ പൂന്തോട്ടത്തിൽ പ്രവേശിക്കുമ്പോൾ കോട്ടയം അതിരൂപതക്ക് അഭിമാനിക്കാം. ദൈവത്തോട് കൃതജ്ഞത പറയാം… ചെള്ളക്കണ്ടത്തിൽ മത്തായിയച്ചൻ എന്ന മനോഹര സമ്മാനം ഞങ്ങൾക്ക് തന്ന ദൈവമേ നിനക്ക് നന്ദി.

 

ബഹുമാനപ്പെട്ട ചെള്ളകണ്ടത്തിൽ മാത്യു അച്ചന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രാർത്ഥനയോടെ സമർപ്പിക്കുന്നു