Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

PRO Release

PRO Release

  • August 29, 2017

ക്നാനായ സമുദായ ഐക്യം കാത്തു പരിപാലിക്കണം

കോട്ടയം അതിരൂപതയെയും ക്നാനായ സമുദായത്തെയും സംബന്ധിച്ച്  നവമാധ്യമങ്ങളിലൂടെ അവാസ്തവവും സമുദായ അംഗങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ആകുന്നതുമായ വാർത്തകൾ തുടർച്ചയായി പ്രചരിപ്പിക്കുവാൻ ചിലർ നടത്തുന്ന സംഘടിത ശ്രമത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെ അദ്ധ്യക്ഷതയിൽ വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട്, മലങ്കര റീജിയൺ വികാരി ജനറാൾ ഫാ.തോമസ് കൈതാരം, അതിരൂപത കൂരിയ അംഗങ്ങളായ ഫാ.തോമസ് കോട്ടൂർ, ഫാ.അലക്സ് ആക്കപ്പറ മ്പിൽ, ഫാ.അലക്സ് ഓലിക്കര,പി.ആർ.ഒ. ഫാ.ജോൺ ചേന്നാക്കുഴി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിമാരായ ഫാ.തോമസ് പ്രാലേൽ, ഡോ.ജോസ് ജെയിംസ്, ക്നാനയ കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് ശ്രീ.സ്റ്റീഫൻ ജോർജ്,കെ.സി.ഡബ്ല്യൂ.എ സെക്രട്ടറി ശ്രീമതി ബീന രാജു ,കെ.സി.വൈ.എൽ പ്രസിഡൻറ് ശ്രീ.മെൽബിൻ പുളിയംതൊട്ടിയിൽ, അപ്നാദേശ് ചീഫ് എഡിറ്റർ ഫാ.മാത്യു കുര്യത്തറ, മീഡിയ കമ്മീഷൻ ചെയർമാൻ ഫാ.സൈജു പുത്തൻ പറമ്പിൽ, അംഗങ്ങളായ അഡ്വ.ഫാ. ബോബി ചേരിയിൽ, ശ്രീ.ഷിനോ കുന്നപ്പള്ളി, ഫാ.ബിജോ കൊച്ചാദംപ്പള്ളി എന്നിവർ കോട്ടയം മെത്രാസന മന്ദിരത്തിൽ യോഗം ചേരുകയുണ്ടായി.

നവമാധ്യമങ്ങളിലൂടെ നിലവിൽ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും എല്ലാം ഇതിനോടകം അതിരൂപത അദ്ധ്യക്ഷൻ ഔദ്യോഗികമായി മറുപടി നൽകിയട്ടുള്ളതാണ്.മാത്രമല്ല അതിരൂപതാദ്ധ്യക്ഷൻ സ്വീകരിച്ചട്ടുള്ള നിലപാടുകളെല്ലാം ഔദ്യോഗികമായി സമിതികളിൽ ചർച്ച ചെയ്ത് തീരുമാനിച്ചി ട്ടുള്ളതുമാണ്.യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കിയിട്ടും ക്നാനയ സമുദായ താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി സദാ നിലകൊള്ളുന്ന അതിരൂപതാ അദ്ധ്യക്ഷനെ കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ഖേദകരമാണ്.ക്നാനയ സമുദായ അംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ മാത്രമല്ല പൊതു സമൂഹത്തിൽ ക്നാനയ സമുദായത്തെ വില കുറച്ച് കാണിക്കുവാനും അപകീർത്തിപ്പെടുത്തുവാനും ഉള്ള ആസൂത്രിതനീക്കമാണിത് എന്ന് യോഗം വിലയിരുത്തി.കാലാകാലങ്ങളിൽ കോട്ടയം അതിരൂപത സ്വീകരിച്ചിട്ടുള്ള നിലപാടുകളിൽ നിന്നും തെല്ലും വ്യതിചലിക്കാതെ ഇപ്പോൾ അതിരൂപതാ നേതൃത്വം അതിരൂപതയെയും കുടിയേറ്റ മേഖലകളിൽ സമുദായത്തിനായുള്ള സഭാത്മക സംവിധാനങ്ങളെയും ശക്തിപ്പെടുത്തുവാൻ സ്വീകരിക്കുന്ന നിലപാടുകൾ യോഗം ചർച്ച ചെയ്യുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ആഗോളസഭയിൽ കോട്ടയം അതിരൂപതക്ക് ലഭ്യമാകാവുന്ന വളർച്ചാ സാധ്യതകൾക്ക് വിഘാതം സൃഷ്ടിക്കുവാനുള്ള ഇത്തരം ശ്രമങ്ങൾ സമുദായത്തിന് ഒരു രീതിയിലും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല വിപരീത ഫലങ്ങൾ ഉണ്ടാകുകയും ചെയ്യും.അതിനാൽ സമുദായത്തിന്റെയും കോട്ടയം അതിരൂപതയുടെയും വളർച്ചക്ക് തടസ്സമുണ്ടാക്കുന്ന ഇത്തരം പ്രചരണങ്ങളിൽ നിന്ന് സമുദായ സ്നേഹികളായ എല്ലാവരും പിൻമാറണമെന്ന് യോഗം അഭ്യർത്ഥിച്ചു.സമുദായത്തിന്റെയും അതിരൂപതയുടെയും വളർച്ചക്ക് വഴിയൊരുക്കുന്ന ഏതൊരു അഭിപ്രായത്തെയും നിർദേശത്തെയും പരിപൂർണ്ണമായി സ്വാഗതം ചെയ്യുകയാണ്.ഈ കാര്യത്തിൽ സംശയ നിവാരണമോ വ്യക്തതയോ ആവശ്യമുള്ളവർക്കായി faq@apnades.in എന്ന ഇമെയിൽ വിലാസത്തിൽ ചോദ്യങ്ങൾ അറിയിക്കുവാൻ വഴിയൊരുക്കുവാനും പ്രസ്തുത ചോദ്യങ്ങൾക്ക് സമയാസമയങ്ങളിൽ ഉത്തരങ്ങൾ ലഭ്യമാക്കുവാനും യോഗത്തിൽ തീരുമാനമായി.

എല്ലാ സഭാ സമൂഹങ്ങളെയും ഇതര മതസ്ഥരെയും ആദരിക്കുന്ന വൈശിഷ്ട്യമായ പാരമ്പര്യമുള്ള ക്നാനയ സമുദായത്തിന്റെ ആ മഹത്തായ പാരമ്പര്യം നിലനിർത്തി കൊണ്ടു തന്നെ സമുദായത്തിന്റെ വലിയ സമ്പത്തായ ഇഴയടുപ്പം വളർത്തിയെടുക്കുവാൻ സഹായിക്കുന്ന രീതിയിൽ പരസ്പര ബഹുമാനത്തോടെ ആശയ വിനിമയം നടത്തണമെന്നും യോഗം എല്ലാ ക്നാനയ സഹോദരങ്ങളോടും അഭ്യർത്ഥിക്കുന്നു. ഇതിനായി faq@apnades.in എന്ന ഇമെയിൽ വിലാസം പ്രയോജനപ്പെടുത്തുമല്ലോ.

ഫാ.ജോൺ ചേന്നാക്കുഴി
പി.ആർ.ഒ