Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

KCBC Circular

ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി പുറപ്പെടുവിക്കുന്ന സർക്കുലർ

ഈ കഴിഞ്ഞ നവംബർ 29-ന് ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് അനേകം കുടുംബങ്ങളുടെ ജീവിതസ്വപ്നങ്ങളെയാണ് തകർത്തത്. ദുരന്തം വൻതോതിൽ തീരദേശത്തെയും ഒപ്പം,ഉൾനാടൻ -മലയോര പ്രദേശങ്ങളെയും ബാധിച്ചു. അനേകം മനുഷ്യ ജീവിതങ്ങൾ ഹോമിക്കപ്പെട്ടു. പാവപ്പെട്ട തൊഴിലാളികൾ ഒരായുസ്സുകൊണ്ട് നേടിയെടുത്ത ജീവനോപാധികളും പാർപ്പിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകർന്നടിഞ്ഞു. ഈ ദുരന്തത്തിൻ്റെ വ്യാപ്തിയും ആഴവും ഡിസംബർ 5 മുതൽ 7 വരെ പാലാരിവട്ടം പിഒസിയിൽ നടന്ന കെസിബിസി യോഗം ചർച്ച ചെയ്തു

പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കത്തോലിക്കാ മെത്രന്മാർ എല്ലാവരും വല്ലാർപാടം മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥനാശുശ്രുഷ നടത്തി. പ്രകൃതിക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ കെസിബിസി ഹൃദയപൂർവം പങ്കുചേരുന്നു

ചുഴലിക്കാറ്റിൽ ഇനിയും തിട്ടപ്പെടുത്താൻ കഴിയാത്തവിധത്തിൽ മൽസ്യത്തൊഴിലാളികൾ അകപ്പെടുകയും മൽസ്യബന്ധനോപാധികൾ നശിക്കുകയും ചെയ്തു എന്നത് ആശങ്കയും ദുഃഖവും വർധിപ്പിക്കുന്നു. സമയോചിതമായ നടപടികളുണ്ടായിരുന്നെങ്കിൽ ഇത്രയധികം ജീവഹാനി ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്. ഇത്തരം ദുരന്തങ്ങളെ ഭാവിയിൽ ഒഴിവാക്കാനും ഫലപ്രദമായി നേരിടാനും ദുരന്തനിവാരണ അഥോറിറ്റി, തീരദേശ വികസന അഥോറിറ്റി, മറൈൻ എൻഫോഴ്‌സ്‌മെൻറ്റ് , തീരദേശ പോലീസ്, കോസ്റ്റ് ഗാർഡ് , ഫിഷറീസ് ഡിപ്പാർട്മെൻറ്റ്, തുടങ്ങിയ സംവിധാനങ്ങളെ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് നടപടികൾ ഉണ്ടാകണം. തീരമേഖലയുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം രൂപീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കേരള മെത്രാൻ സമിതി ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അറിയിക്കുകയും ദുരിതത്തിൽ കഴിയുന്ന തീരജനതയുടെ സമഗ്രവികസനത്തിനുവേണ്ടി പുനരധിവാസ പാക്കേജ് ആവശ്യപ്പെടുകയും ചെയ്യുന്നു.

മനുഷ്യാവകാശദിനമായ ഡിസംബർ 10 ഞായറാഴ്ച കേരളത്തിലെ കത്തോലിക്കാസഭയും ഭാരതകത്തോലിക്കാസഭയും ദുരിതബാധിരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രാർത്ഥനാദിനമായി ആചരിക്കുകയാണ്. ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ ദിവ്യബലിമധ്യേ അനുസ്മരിച്ചു പ്രാർത്ഥിക്കേണ്ടതാണ്. അന്നേ ദിനം സമാഹരിക്കുന്ന പ്രത്യേക ദുരിതാശ്വാസനിധി തീരജനതയുടെ സമാശ്വാസത്തിനുവേണ്ടി നീക്കിവെയ്ക്കുന്നതാണ്. വിശ്വാസികൾ ഒരു ദിവസത്തെ വരുമാനമെങ്കിലും ദുരിതാശ്വാസപ്രവർത്തനത്തിനായി സംഭാവന ചെയ്യണമെന്ന് കെസിബിസി അഭ്യർത്ഥിക്കുന്നു. ഓരോ രൂപതയും സമാഹരിക്കുന്ന തുക ഡിസംബർ 31-ന് മുൻപ് കെസിബിസി സെക്രട്ടേറിയേറ്റിൽ ഏല്പിക്കേണ്ടതാണ്.

ഈ പ്രാർത്ഥനയജ്ഞത്തിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലും ക്രൈസ്തവസാഹോദര്യത്തിൻ്റെയും ഉപവിയുടെയും നേർകാഴ്ച തെളിഞ്ഞു നിൽക്കട്ടെ.

ആർച്ചുബിഷപ് ഡോ. എം. സൂസ പാക്യം
പ്രസിഡൻറ്റ് , കെസിബിസി

ബിഷപ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം
വൈസ് പ്രസിഡൻറ്റ് , കെസിബിസി

ആർച്ചുബിഷപ് മാർ മാത്യു മൂലക്കാട്ട്
സെക്രട്ടറി ജനറൽ, കെസിബിസി

NB:2017 ഡിസംബർ 10 ഞായറാഴ്ച ഈ സർക്കുലർ കേരളത്തിലെ സീറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യബലി അർപ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കുകയോ ഇതിൽ പറയുന്ന കാര്യങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ച് കൊടുക്കുകയോ ചെയ്യേണ്ടതാണ്.