Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Inauguration of Knanaya Prekshitha Kudiyetta Aghosham

ക്‌നാനായ സമുദായത്തിന്റെ മാതൃകാപരമായ പ്രേഷിതചൈതന്യവും സാമൂഹ്യ പ്രതിബദ്ധതയും തുടരണമെന്ന്‌ കോട്ടയം അതിരൂപതാദ്ധ്യന്‍ മാര്‍ മാത്യു മൂലക്കാട്ട്‌. ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്‌മരണ ആഘോഷങ്ങള്‍ കൊടുങ്ങല്ലൂരില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി. 345 ല്‍ പ്രേഷിത ദൗത്യവുമായി കൊടുങ്ങല്ലൂരില്‍ വന്നെത്തിയ ക്‌നാനായ സമുദായാംഗങ്ങള്‍ ഇന്ന്‌ അധിവസിക്കുന്ന പ്രദേശങ്ങളിലെല്ലാം പ്രേഷിതദൗത്യവും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യവര്‍ഷത്തോടനുബന്ധിച്ച്‌ കോട്ടയം അതിരൂപത നപ്പിലാക്കുന്ന വിവിധ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ക്‌നാനായ സമുദായത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ നേര്‍ക്കാഴ്‌ചകളാണ്‌. ദൈവവിശ്വാസത്തില്‍ കൂടുതല്‍ ആഴപ്പെട്ട്‌ സഭയോട്‌ ചേര്‍ന്ന്‌ നിന്ന്‌ പ്രേഷിതചൈതന്യത്തിലും സാമൂഹിക പ്രതിബദ്ധതയിലും വളരുവാന്‍ കുടിയേറ്റ അനുസ്‌മരണ ആഘോഷങ്ങള്‍ വഴിയൊരുക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ക്‌നാനായ കുടിയേറ്റം കൊടുങ്ങല്ലൂരിന്റെ വളര്‍ച്ചയിലും സുറിയാനി സഭയുടെ ആരാധനക്രമ വളര്‍ച്ചയിലും നല്‍കിയ സംഭാവനകള്‍ നിസ്‌തുലമാണെന്ന്‌ അനുഗ്രഹപ്രഭാഷണം നടത്തിയ കോട്ടപ്പുറം രൂപതാ മെത്രാന്‍ മാര്‍ ജോസഫ്‌ കാരിക്കശ്ശേരില്‍ പറഞ്ഞു. കെ.സി.സി പ്രസിഡന്റ്‌ പ്രൊഫ. ജോയി മുപ്രാപ്പള്ളി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, കോട്ടപ്പുറം സെന്റ്‌ മൈക്കിള്‍സ്‌ കത്തീഡ്രല്‍ വികാരി ഫാ. ജോര്‍ജ്ജ്‌ പാടശ്ശേരി, കെ.സി.സി ഭാരവാഹികളായ സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌ എം.എല്‍.എ, തോമസ്‌ പീടികയില്‍, ബിനോയ്‌ ഇടയാടിയില്‍, ജോണ്‍ തോട്ടുങ്കല്‍, സൈമണ്‍ കല്ലൂര്‍, കെ.സി.വൈ.എല്‍ ഭാരവാഹികളായ മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, ബിബീഷ്‌ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. കുടിയേറ്റ അനുസ്‌മരണ ആഘോഷങ്ങള്‍ക്ക്‌ മുന്നോടിയായി മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കോട്ടപ്പുറം കപ്പേളയില്‍ കൃതജ്ഞതാബലിയര്‍പ്പിച്ച്‌ അനുസ്‌മരണ പ്രാര്‍ത്ഥനകള്‍ നടത്തി. ക്‌നാനായ കുടിയേറ്റത്തിന്‌ നേതൃത്വം നല്‍കിയ ക്‌നായി തോമായുടെ പ്രതിമ കൊടുങ്ങല്ലൂരിലെ ഇ.ജെ. ലൂക്കോസ്‌ നഗറില്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്‌ മെത്രാപ്പോലീത്ത അനാച്ഛാദനം ചെയ്‌തു.
അനുസ്‌മരണ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച്‌ ഏപ്രില്‍ 24-ാം തീയതി ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 4 മണിക്ക്‌ നടത്തപ്പെടുന്ന കുടിയേറ്റ അനുസ്‌മരണ ക്‌നാനായ സംഗമം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള സംഘടനാ പ്രതിനിധികളും ക്‌നാനായ സമുദായാംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കും. ആഘോഷങ്ങളോടനുബന്ധിച്ച്‌ ഫിലിം ഫെസ്റ്റ്‌, കലാ-കായിക മത്സരങ്ങള്‍, ബിസിനസ്സ്‌ മീറ്റ്‌, കലാസന്ധ്യ എന്നിവ വിവിധ ദിവസങ്ങളിലായി നടത്തപ്പെടും.