തെക്കുംഭാഗ ജനതയ്ക്കായി 1911 ൽ പരിശുദ്ധ സിംഹാസനം അനുവദിച്ച് നൽകിയ കോട്ടയം വികാരിയാത്തിന്റെ 108-ാം സ്ഥാപന വാർഷിക ദിനത്തിൽ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കൃജ്ഞതാബലിയർപ്പിച്ചു. ദൈവം തെക്കുംഭാഗ ജനതയ്ക്ക് കാലാകാലങ്ങളിൽ നൽകിയിട്ടുള്ള അനുഗ്രഹങ്ങളെയും കരുതലിനെയും നന്ദിയോടെ അനുസ്മരിക്കണമെന്ന് ദിവ്യബലി മദ്ധ്യേ വചനസന്ദേശത്തിൽ പിതാവ് പറഞ്ഞു. ദൈവവിശ്വാസത്തിലടിയുറച്ചു നിന്നുകൊണ്ട് പ്രത്യാശയോടെ മുന്നേറണം. വിശുദ്ധിയിൽ വളരുവാനും ശുശ്രൂഷയുടെ ജീവിതശൈലി സ്വീകരിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നവരാണ് ഓരോ ക്രിസ്ത്യാനിയുമെന്നത് അനുസ്മരിക്കണം. ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷ ചെയ്യുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവരെന്ന നിലയിൽ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കുമായി നാം ചെയ്യുന്ന വൈവിധ്യമാർന്ന ശുശ്രൂഷകൾ നമ്മുടെ ഒരുമയുടെയും വിശ്വാസനിറവിന്റെയും നേർസാക്ഷ്യമാണെന്നും അഭിവന്ദ്യ പിതാവ് അനുസ്മരിച്ചു. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പ്രൊക്കുറേറ്റർ ഫാ. അലക്സ് ആക്കപ്പറമ്പിൽ, കത്തീഡ്രൽ വികാരി ഫാ. ജോൺ ചേന്നാകുഴി, സെക്രട്ടറി ഫാ. അലക്സ് ഓലിക്കര എന്നിവർ സഹകാർമ്മികരായിരുന്നു. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി വിപുലമായ പരിപാടികൾ ഒഴിവാക്കി അതിരൂപതയിലെ ദൈവാലയങ്ങളിൽ കൃതജ്ഞതാബലിയോടെയാണ് അതിരൂപതാ ദിനാചരണം നടത്തിയത്.