Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Social Commitment of the Archdiocese of Kottayam

കേരളത്തെ ആശങ്കയിലും ദുരിതത്തിലുമാഴ്ത്തിയ പ്രളയത്തെ അതിജീവിക്കാന്‍ നാനാജാതി മതസ്ഥരായ ഏവരും തോളോട് തോള്‍ ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനം പ്രഥമിക ലക്ഷ്യം കൈവരിച്ചു. ദുരിതക്കയത്തിലായ അനേകര്‍ക്ക് കൈത്താങ്ങാകുവാന്‍ കോട്ടയം അതിരൂപതയ്ക്ക് സാധിച്ചുവെന്നത് ക്‌നാനായ ജനതയുടെ സാമൂഹിക ബോധത്തിന്റെ നേര്‍സാക്ഷ്യമായി മാറി.

അതിരൂപത ഏകോപിപ്പിച്ച പ്രവര്‍ത്തനങ്ങള്‍
പ്രളയം ദുരിതം വിതച്ച പ്രദേശങ്ങളില്‍ ഒരു കൈത്താങ്ങാകുവാന്‍ ക്‌നാനായ സമൂഹം മുന്നിട്ടിറങ്ങണമെന്നും അതിനായി അതിരൂപതയുടെ സ്ഥാപനങ്ങളെല്ലാം തുറന്നുകൊടുക്കണമെന്നും മെത്രാപ്പോലീത്ത നിര്‍ദേശിച്ച ഉടന്‍ തന്നെ ചിട്ടയായ പ്രവര്‍ത്തനങ്ങൾവഴി അതിരൂപത വിവിധ ജില്ലകളിലൂടെ അവളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. പ്രളയത്തെ നേരിടാന്‍ അടിയന്തര നിര്‍ദേശവുമായി സര്‍ക്കുലര്‍ തന്നെ പുറത്തിറക്കി (227 ആം നമ്പര്‍) ദൈവാലയങ്ങളില്‍ അത് വായിക്കപ്പെടുന്നതിനുമുമ്പേ തന്നെ ഇടവകകളെയും ലോകമെങ്ങുമുള്ള ക്‌നാനായ സമൂഹത്തെയും സജ്ജമാക്കുകയും ചെയ്ത ചുരുക്കം ചില രൂപതകളിലൊന്നായിരിക്കും കോട്ടയം അതിരൂപത.

പ്രളയം ഒരു ജനത്തെ തളര്‍ത്തിക്കയുകയായിരുന്നില്ല സജ്ജരാക്കുകായിരുന്നുവെന്നത് ഈ ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. അതിരൂപതാധ്യക്ഷന്റെ നിര്‍ദേശാനുസാരം വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ശ്രദ്ധിച്ചു. തത്ഫലമായി അതിരൂപതയുടെ വിവിധ സ്ഥാപനങ്ങളില്‍ എത്തപ്പെടുന്ന ആളുകളുടെ എണ്ണവും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളുടെയും ഭക്ഷണത്തിന്റെയും ക്രമീകരണങ്ങള്‍ മനസിലാക്കാനും ആവശ്യമായവ സംലഭ്യമാക്കുവാനും ഇടവകകള്‍ക്ക് സാധിച്ചു.

ഇടവക തലത്തില്‍
ജനത്തോടൊപ്പം നിന്നുകൊണ്ട് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുവാനും പ്രവര്‍ത്തിക്കുവാനും ബഹുമാനപ്പെട്ട വൈദികരും സമര്‍പ്പിതരും നിലകൊണ്ടപ്പോള്‍ കര്‍മസജ്ജമായ ഒരു സൈന്യമായി ഇടവകകള്‍ മാറിയത് ആരെയും അത്ഭുപ്പെടുത്താതിരിക്കില്ല. ചെറുപ്പക്കാരായ വൈദികരുടെയും യുവജനങ്ങളുടെയും മൊബൈല്‍ ഫോണുകളുകളും സാങ്കേതിക വിദ്യകളും കണ്ട്രോള്‍ റൂമുകളായി. ഭക്ഷണവും വസ്ത്രവും ആവശ്യമുള്ള സ്ഥലങ്ങള്‍ അറിഞ്ഞ് അവ സമാഹരിക്കാനും എത്തിക്കാനും സാമൂഹിക മാധ്യമങ്ങള്‍ അവരെ സഹായിച്ചു. ജൂബിലി വര്‍ഷമാചരിക്കുന്ന കെസിവൈഎല്ലിന് അവരുടെ ഈ വര്‍ഷത്തെ ഏറ്റവും സാമൂഹിക പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളുടെ ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. അത്മായ സംഘടനകളായ കെസിസി, കെസിഡബ്ല്യുഎ, ഭക്തസംഘടനകള്‍, എന്നിവ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചപ്പോള്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കുവേണ്ടി ഒരു പൊതിച്ചോറെങ്കിലും പൊതിയാത്ത ഒരു ക്‌നാനായ ഭവനം പോലും കാണാനാവില്ല എന്നുറപ്പ്. അതിന്റെ തെളിവുകളാണ് വിവിധ പ്രദേശങ്ങളിലേയ്ക്ക് സാധനങ്ങളും ഭക്ഷണങ്ങളും നിറച്ച അനേകം ടിപ്പറുകളും ടോറസുകളും ഇടവകകളില്‍ നിന്നു കടന്നുപോയത്.

മാധ്യമ വിചാരണക്കാര്‍ വിമര്‍ശിക്കുന്ന വൈദികര്‍ തലച്ചുമടായി സാധനങ്ങള്‍ വാഹനങ്ങളിൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതും പ്രായം മറന്ന് തങ്ങളുടെ ശരീരവും മനസുംകൊണ്ട് മുതിര്‍ന്ന തലമുറ ഇറങ്ങിത്തിരിച്ചതും തങ്ങളുടെ പ്രായത്തിനുമപ്പുറം പക്വമായ മനസ്സോടെ KCYL members പ്രവത്തനമേഖലയിലേയ്ക്കിറത്തിരിച്ചതും ഈ ക്‌നാനായ സമൂഹത്തിന്റെ പ്രത്യേകതയാണ്.

സ്ഥാപനങ്ങളും സാമൂഹികസേവന വിഭാഗങ്ങളും
പ്രളയക്കെടുതിയുടെ ആരംഭത്തില്‍തന്നെ അതിരൂപതാധ്യക്ഷന്റെ നിര്‍ദേശാനുസരണം രൂപതയിലെ വിവിധസ്ഥാപനങ്ങള്‍ ക്യാമ്പുകളാക്കി രൂപപ്പെടുത്തി. വയനാട്ടിലെ വെള്ളമുണ്ട സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മാനന്തവാടി പാവന പാസ്റ്ററല്‍ സെന്റര്‍ എന്നിവയാണ് ആളുകള്‍ക്ക് അഭയമായി ആദ്യമേ തന്നെ തുറക്കപ്പെട്ടത്. വെള്ളപ്പൊക്കം മധ്യതിരുവുതാംകൂറിലേയ്ക്ക് വ്യാപിക്കപ്പെട്ടപ്പോള്‍ ഒളശ സ്‌കൂള്‍, നീറിക്കാട് പാരിഷ് ഹാള്‍, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍, തുവാനിസ ധ്യാനകേന്ദ്രം, ചേര്‍പ്പുങ്കല്‍ സാമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍, കല്ലിശേരി സ്‌കൂള്‍, കരിപ്പാടം സ്‌കൂള്‍, കരിപ്പാടം പാരിഷ് ഹാള്‍, കണ്ണങ്കര സ്‌കൂള്‍ തുടങ്ങി അതിരൂപതയുടെ വിവിധ സ്ഥാപനങ്ങള്‍ ക്യാമ്പ് കേന്ദ്രങ്ങളായി. കണ്ണങ്കര സ്‌കൂള്‍ പിന്നീട് 2000 ത്തിലധികം ആളുകളെക്കൊണ്ട് നിറഞ്ഞപ്പോള്‍, കരിപ്പാടം, കല്ലിശേരി തുടങ്ങിയ സ്‌കൂളുകളില്‍ 500 ത്തിലധികം പേരും ചൈതന്യയില്‍ 325 ല്‍ പരം ആളുകളുമുണ്ടായിരുന്നു. അതിരൂപതയുടെ കരുതല്‍ പൊതുജനം സക്ഷ്യപ്പെടുത്തിയെന്നതിന് ഉദാഹരമണായിരുന്നു കണ്ണങ്കരയിലെയും കരിപ്പടത്തെയുമൊക്കെ ജനത്തിന്റെ പ്രതികരണങ്ങള്‍.
ചൈതന്യ പാസ്റ്ററല്‍ സെന്ററിലെ പ്രോഗ്രാമുകള്‍ ക്യാന്‍സല്‍ ചെയ്ത് മുറികളെല്ലാം നാനാജാതിമതസ്ഥരായ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തപ്പോള്‍ അവര്‍ക്ക് സുരക്ഷിത സങ്കേതമായി പാസ്റ്ററല്‍ സെന്റര്‍. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും സൗകര്യങ്ങളുള്ള മികച്ച ക്യാമ്പായിരുന്നു ചൈതന്യയിലേതെന്ന് തദ്ദേശ വകുപ്പിലെയും ജില്ലാഭരണകൂടത്തിലെയും അധികാരികള്‍ വ്യക്തമാക്കിയിത് അതിരൂപതയുടെ സാമൂഹിക പ്രവര്‍ത്തനത്തിനുള്ള പൊന്‍തൂവലാണല്ലോ. ഏതു പാതിരാത്രിയിലും ആളുകളെ രക്ഷിച്ചുകൊണ്ട് പോലീസു വണ്ടികള്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററിലെത്തിയത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് അതിരൂപതയുടെ സാമൂഹിക സംവിധാനങ്ങളിലുള്ള വിശ്വാസ്യതയുടെ പതിപ്പായി. മലബാറിലെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്സും (MASSS) കോട്ടയത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കെ എസ് എസ് എസും (KSSS) ചുക്കാന്‍ പിടിച്ചപ്പോള്‍ വിവിധ ഇടവകകളും സംഘടനകളും നിര്‍ലോഭമായ പിന്തുണ നല്‍കി.

പ്രവര്‍ത്തനമേഖയുടെ വ്യാപ്തി
പ്രളയം ദുരിതം വിതച്ച മേഖലകളിലെ അതിരൂപതാംഗങ്ങളുടെ എണ്ണം പൊതുസമൂഹവുമായി തട്ടിച്ചു നോക്കിയാല്‍ ചൊറുതാണെങ്കിലും അതിരൂപതാംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ സഹായഹസ്തങ്ങള്‍ നീട്ടപ്പെട്ടത് വിസ്തൃതമായ മേഖലകളിലേയ്ക്കാണ്. കുട്ടനാട്, കുമരകം, കണ്ണങ്കര തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും, തടിയമ്പാട്, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ചു മേഖലകളിലും, തിരുവംവണ്ടൂര്‍, കല്ലിശേരി, റാന്നി തുടങ്ങിയ തെക്കന്‍ മേഖലകളിലും മാനന്തവാടി, വെള്ളമുണ്ട തുടങ്ങിയ മലബാര്‍ മേഖലകളിലും അതിരൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നത് നിസ്സാരമല്ല. പല മേഖലകളിലെയും നാനാജാതിമതസ്ഥരായ പൊതുജനങ്ങളുടെ സഹായത്തിനായാണ് കോട്ടയം അതിരൂപത പ്രവര്‍ത്തിച്ചത്. പ്രസ്തുത മേഖലകളിലെ അനേകം സര്‍ക്കാര്‍-സര്‍ക്കാരിതര-സന്നദ്ധ സംഘടനക്യാമ്പുകളില്‍ പതിനായിരത്തോളം പേര്‍ക്ക് അതിരൂപതുയടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും (ചൈതന്യ) വിവിധ ഇടവകകള്‍ വഴിയും ദിവസവും ഭക്ഷണം നല്‍കകിയെന്നത് വലിയകാര്യംതന്നെ. ഇവര്‍ക്കായി ഭക്ഷണവും വസ്ത്രങ്ങളും ക്ലീനിംഗ് വസ്തുക്കളും സംഭവന ചെയ്ത വ്യക്തികളെയും സംഘടനകളെയും സമര്‍പ്പിതസമൂഹങ്ങളെയും വിസ്മരിക്കാനാവില്ല.

ഇനിയെന്ത്?
പ്രളയം തകര്‍ത്തെറിഞ്ഞ പ്രദേശങ്ങളിലെ ആളുകളുടെ പുനരധിവാസത്തിനും വീടുകളുടെ പുനരുദ്ധാരണത്തിനും കൃഷിനാശത്തില്‍നിന്ന് കരേറുന്നതിനും വലിയ പ്രയത്‌നങ്ങള്‍ ആവശ്യമാണ്. ആളുകള്‍ വീടുകളിലേക്ക് തിരികെപ്പോകുന്ന സ്ഥലങ്ങളില്‍ താല്‍കാലിക ആശ്വാസമെന്ന നിലയില്‍ അരിയും വസ്തുക്കളുമടങ്ങിയ കിറ്റും, ക്ലീനിംഗ് കിറ്റുകളുമൊക്കെ കെ എസ് എസ് എസിന്റെയും ഇടവകകളുടെയും നേതൃത്വത്തില്‍ നല്‍കുന്നുണ്ടെങ്കിലും ഭാരിച്ച ചെലവുകള്‍ അവരുടെ മുന്നിലുണ്ട്. പടിഞ്ഞാറന്‍ മേഖലയിലെ വെള്ളം ഇനിയും ഇറങ്ങിത്തീര്‍ന്നിട്ടില്ല. ഹൈറേഞ്ച് മേഖലയെയും വയനാടന്‍ മേഖലയെയും പ്രളയം ദാരിദ്ര്യത്തിലാഴ്ത്തി. അടുത്ത ഘട്ടത്തില്‍, ദുരിതബാധിതരുടെ പുനരധിവാസത്തിനുള്ള ശ്രദ്ധയാണ് അതിരൂപത ലക്ഷ്യംവയ്ക്കുന്നത്. സാധിക്കുന്നിടത്തോളം പേര്‍ക്ക് ആശ്വാസമാകുവാന്‍ അതിരൂപതാ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന തുക ഉപകാരപ്പെടുത്തുവാന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍ദേശിച്ചിട്ടുണ്ട്. പ്രസ്തുത നിധിയുടെ സമാഹരണവും വിതരണവുമാണ് അതിരൂപത ഇനി ലക്ഷ്യം വയ്ക്കുന്നത്.

പള്ളികള് വഴി സമാഹരിക്കുന്ന തുക കൂടാതെ വലിയ തുക നേരിട്ട് ബിഷപ്പ്സ് ഹൗസ് അക്കൗണ്ടിലേയ്ക്ക് വ്യക്തിപരമായി തരാന് താല്പര്യപ്പെടുന്നവര്ക്ക് താഴെകൊടുത്തിരിക്കുന്ന വിവരങ്ങള് ഉപയോഗപ്പെടുത്തുക.
A/c name: M/s. Catholic Diocese of Kottayam
SIB ac no. 0037053000025994
Bank: South Indian Bank Ltd. Kottayam Br.
IFC Code: SIBL0000037
Swift Code: SOININ55XXX

സമാപനം
ഒരോ രൂപതകള്‍ക്കും അവര്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ചെറിയ പ്രദേശത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയെന്നിരിക്കെ കോട്ടയം അതിരൂപത തങ്ങളുടെ പ്രവര്‍ത്തനം നടത്തിയ വിശാലമായ മേഖല (കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്) അവളുടെ സാമൂഹികബോധത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുകയാണ്. കോട്ടയം അതിരൂപതയേ നീ മലയിലുയര്‍ത്തപ്പെട്ട നഗരമാണ്. ക്‌നാനായ സമൂഹമേ നിങ്ങള്‍ ഭൂമിയുടെ ഉപ്പും ലോകത്തിന് മിശിഹായെ പ്രകാശിപ്പിക്കുന്ന ദീപനാളങ്ങളും തന്നെ.