Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

ഞാന്‍ പയസ്‌ മൗണ്ട്‌ ഇടവകാതിര്‍ത്തിയില്‍ താമസിക്കുന്ന ഉഴവൂര്‍ ഇടവകാംഗമാണ്‌. പയസ്‌ മൗണ്ട്‌ ഇടവകയില്‍ ചേരാതെ ഇപ്രകാരം ഉഴവൂരില്‍ തുടരാന്‍ പരേതനായ എന്റെ പിതാവിന്‌ കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ രൂപതയില്‍നിന്ന്‌ അനുമതി ലഭിച്ചിട്ടുള്ളതാണ്‌. എന്നാല്‍, ഇപ്പോള്‍ ഞാന്‍ പയസ്‌ മൗണ്ട്‌ ഇടവയില്‍ ചേരണമെന്ന്‌ നിര്‍ദേശം വന്നതായി അറിയുന്നു. ഇത്‌ എന്തുകൊണ്ടാണ്‌?

ഇടവകകളെയും അവയുടെ അതിര്‍ത്തികളെയും സംബന്ധിച്ച്‌ സഭയ്‌ക്ക്‌ പൊതുവായ നിയമങ്ങളുണ്ട്‌. ഓരോ പ്രദേശത്തും വസിക്കുന്നവരുടെ ആത്മീയ ഉന്നമനത്തിനും നന്മയ്‌ക്കുംവേണ്ടിയാണ്‌ പ്രസ്‌തുത നിയമങ്ങള്‍. ഓരോ ഇടവകയ്‌ക്കും രൂപത അതിര്‍ത്തി നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്‌. ആ പ്രദേശത്ത്‌ വസിക്കുന്നവര്‍ അവിടെ നിശ്ചയിച്ചു നല്‍കിയിട്ടുള്ള ഇടവകയിലാണ്‌ വരേണ്ടത്‌. എന്നാല്‍ ഏതെങ്കിലും ഇടവക വിവിധ കാരണങ്ങളാല്‍ വിഭജിക്കുകയോ, വികസിപ്പിക്കുകയോ ചെയ്യുമ്പോള്‍ മാതൃ ഇടവകയോട്‌ വൈകാരിക ബന്ധം പുലര്‍ത്തുന്ന വ്യക്തികളോ കുടുംബങ്ങളോ ഉണ്ടാകാറുണ്ട്‌. അങ്ങനെയുള്ളവര്‍ക്ക്‌ ഒരു നിശ്ചിത കാലത്തേയ്‌ക്ക്‌ മാതൃ ഇടവകയില്‍ തുടരാന്‍ രൂപതയില്‍ നിന്ന്‌ അനുമതി നല്‍കാറുണ്ട്‌. അത്‌ നിശ്ചിത വ്യക്തികള്‍ക്ക്‌ നിശ്ചിത കാലത്തേയ്‌ക്ക്‌ മാത്രം നല്‍കിയിട്ടുള്ളതാണ്‌. പറഞ്ഞിരിക്കുന്ന നിബന്ധനകളുടെയൊ സമയത്തിന്റെയൊ പരിധി കഴിഞ്ഞാല്‍ പിന്നെ ആ ആനുകൂല്യം നിലനില്‍കുന്നതല്ല. നിശ്ചിത കാലത്തിന്‌ ശേഷം ആര്‍ക്കെങ്കിലും പ്രസ്‌തുത ആനുകൂല്യം ആവശ്യമെങ്കില്‍ കൂരിയായെ സമീപിക്കേണ്ടതാണ്‌.

Posted in: General