Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Chavara Kuriakose Elias and Euphrasia Named Saints

നാമകരണനടപടികള്‍ ഞായറാഴ്ച (23. 11. 2014) രാവിലെ 10 മണിയ്ക്ക് വി. പത്രോസ്ശ്ലീഹയുടെ ബസിലക്കയുടെ അങ്കണത്തില്‍ ആരംഭിച്ചു. മാര്‍പാപ്പയും കാര്‍മികരും ബലിവേദിയില്‍ പ്രവേശിച്ചയുടന്‍ നാമകരണ സംഘത്തലവന്‍ കര്‍ദിനാള്‍ അമാത്തോ, ആറു വാഴ്ത്തപ്പെട്ടവരും വിശുദ്ധരായി ഉയര്‍ത്തപ്പെടാന്‍ യോഗ്യരാണെന്നും ആയതിനാല്‍ അവരെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമെന്നും പാപ്പായോട് അപേക്ഷിച്ചുകൊണ്ടാണു തിരുക്കര്‍മങ്ങള്‍ ആരംഭിച്ചത്. വാഴ്ത്തപ്പെട്ടവരായ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റേയും എലുവത്തിങ്കല്‍ എവുപ്രാസിയമ്മയുടേയും വിശുദ്ധ പദവി പ്രഖ്യാപനം നടത്തിയത് നവംബര്‍ 23 ഞായറാഴ്ച രാവിലെ പ്രാദേശിക സമയം പത്തുമണിക്കാണ് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു രണ്ടരമണി). ഇവരെക്കൂടാതെ ഇറ്റലിയില്‍നിന്നുള്ള നാല് വാഴ്ത്തപ്പെട്ടവര്‍കൂടി വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു.ജിയോവാനി അന്തോനിയോ ഫരീന, ലുദവിക്കോ ദെ കസോറിയാ, നിക്കോള ദലുംഗോബാര്‍ഡി, അമാത്തോ റങ്കോണി എന്നിവര്‍.

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കയി കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍ തുടങ്ങിയവരാലും അനുഗതനായി പ്രദക്ഷിണമായി മാര്‍പാപ്പ വേദിയില്‍ പ്രവേശിക്കുന്നതിനു മുൻപ് വത്തിക്കാന്‍ ഗായകസംഘവും ഇന്ത്യയിലെ സീറോമലബാര്‍- ലത്തീന്‍- സീറോമലങ്കര റീത്തുകളില്‍നിന്നു റോമിലുള്ള പ്രഗത്ഭരായ ഗായകരെ ഉള്‍പ്പെടുത്തി രൂപീകരിച്ചിട്ടുള്ള മലയാള ഗായകസംഘവും പ്രവേശന ഗാനങ്ങള്‍ ആലപിച്ചു.

മാര്‍പാപ്പായുടെ ചെറിയ പ്രാര്‍ഥനയ്ക്കുശേഷം സകല വിശുദ്ധരുടേയും ലുത്തിനിയ ഗായകസംഘം ആലപിച്ചു. പിന്നീട്, മാര്‍പാപ്പ, ക്രിസ്തുവില്‍നിന്നും ശ്ലീഹന്മാരില്‍നിന്നും തനിക്കു ലഭിച്ചിരിക്കുന്ന അധികാരം ഉപയോഗിച്ച്, ആറുപേരെയും വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കുകയും കത്തോലിക്കാ സഭ മുഴുവന്‍ അവരെ വിശുദ്ധരുടെ ഗണത്തില്‍ ഭക്ത്യാദരവോടെ വണങ്ങണമെന്നും അഭ്യര്‍ഥിച്ച്, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാരൂപിയുടെയും നാമത്തില്‍” എന്നു പ്രാര്‍ഥിച്ച് ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തി. തുടര്‍ന്ന്, പുതിയ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിക്കുന്ന കർമ്മമായിരുന്നു. കര്‍ദിനാള്‍ അമാത്തോ മാര്‍പാപ്പയ്ക്കു നന്ദിപറഞ്ഞു. “ഗ്ലോറിയ ഇന്‍ എക്‌സേള്‍സിസ്…” എന്ന ഗീതം (ലത്തീന്‍) പരിശുദ്ധ പിതാവ് ആരംഭിക്കുകയും ഗായകസംഘത്തോടൊപ്പം ഏവരും പാടി ദൈവത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു. തുടര്‍ന്ന് വി. ഗ്രന്ഥ വായനകളിലൂടെ വിശുദ്ധ കുര്‍ബാന തുടർന്നു.

വത്തിക്കാനില്‍ നടന്ന വിശുദ്ധപദപ്രഖ്യാപനത്തില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ വചനചിന്തയുടെ പ്രസക്തഭാഗങ്ങള്‍: (source Vatican radio)

ആരാധനക്രമമനുസരിച്ച് ഇന്ന് ക്രിസ്തുരാജ മഹോത്സവമാണ്. ‘ക്രിസ്തു നമ്മുടെ രാജാവ്,’ എന്ന ചിന്തയിലേയ്ക്കാണ് ഇന്നത്തെ വചനം നമ്മെ നയിക്കുന്നത്. ദിവ്യബലിയുടെ ആമുഖപ്രാര്‍ത്ഥന ഓര്‍മ്മിപ്പിച്ചതുപോലെ, ‘ക്രിസ്തുവിന്‍റെ രാജ്യം സത്യത്തിന്‍റെയും ജീവന്‍റേയും, വിശുദ്ധിയുടേയും കൃപയുടേയും നീതിയുടേയും സ്നേഹത്തിന്‍റേയും സമാധാനത്തിന്‍റേയും രാജ്യമാണ്,’എന്നാണ്. ക്രിസ്തു എപ്രകാരം ദൈവരാജ്യം സ്ഥാപിച്ചുവെന്നും, അത് ചരിത്രത്തില്‍ എപ്രകാരം സ്ഥാപിതമായി എന്നും തിരുവെഴുത്തുകള്‍ വെളിപ്പെടുത്തുന്നു. ഇന്ന് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്.

അവിടുന്ന് ദൈവരാജ്യം യാഥാര്‍ത്ഥ്യമാക്കിയത് തന്‍റെ സ്നേഹസാമീപ്യവും ലാളിത്യവുംകൊണ്ടാണ്. എസക്കിയേല്‍ പ്രവാചകന്‍ പ്രഘോഷിക്കുന്ന നല്ലിടയന്‍ ക്രിസ്തുവാണ് (34, 11-12, 15-17). ‘അന്വേഷിച്ചിറങ്ങുന്നു, തേടിനടക്കുന്നു, ചിതറിപ്പോയവയെ ചേര്‍ത്തിണക്കുന്നു, മേച്ചില്‍പ്പുറങ്ങളിലേയ്ക്ക് ആനയിക്കുന്നു, വിശ്രാന്തി നല്കുന്നു, നഷ്ടപ്പെട്ടതിനെ തേടിയിറങ്ങുന്നു, വഴിതെറ്റിയതിനെ തിരികെക്കൊണ്ടുവരുന്നു, മുറിപ്പെട്ടതിനെ വച്ചുകെട്ടുന്നു, രോഗികള്‍ക്ക് സൗഖ്യംപകരുന്നു, പാവങ്ങളെ പരിചരിക്കുന്നു, അവിടുന്ന് അവരെ നയിക്കുന്നു’ – എന്നിങ്ങനെയുള്ള തിരുവചനത്തിലെ പ്രവാചക പ്രയോഗങ്ങള്‍ അല്ലെങ്കില്‍ വാക്യങ്ങള്‍ ആടുകളോടുള്ള ഇടയന്‍റെ സ്നേഹവും പരിലാളനയും വെളിപ്പെടുത്തുന്നതാണ്. പ്രവാചകഗ്രന്ഥത്തിലെ ഈ സംജ്ഞകളും ക്രിയാരൂപങ്ങളും ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമാകുന്നുണ്ട്. അവിടുന്ന് ആടുകളുടെ മഹാഇടയനും ജനതകളുടെ സംരക്ഷകനുമാണ് (ഹെബ്ര. 13, 20… 1 പീറ്റര്‍ 2, 25). കൂലിക്കാരായ ഇടയന്മാരെപ്പോലെ ഒരിക്കലും ക്രിസ്തുവിന്‍റെ നല്ലിടയ രൂപത്തില്‍നിന്നും സഭയിലെ അജപാലകര്‍ക്ക് അകന്നുനില്ക്കാനാവില്ല. മാത്രമല്ല, ഇന്ന് ദൈവജനത്തിന് നല്ലിടയന്മാരെ കൂലിക്കാരായ ഇടയന്മാരില്‍നിന്നും തിരിച്ചറിയുന്നതിന് ഉതകുന്ന ശരിയായ ധാരണയുണ്ട്, കഴിവുണ്ട്.

തന്‍റെ ഉത്ഥാനശേഷം വിജയശ്രീലാളിതനായ ക്രിസ്തു എപ്രകാരമാണ് ദൈവരാജ്യത്തിന്‍റെ പാതയില്‍ മുന്നേറിയതെന്ന് നാം മനസ്സിലാക്കേണ്ടതാണ്. പൗലോസ് അപ്പസ്തോലന്‍ കൊറീന്തിയര്‍ക്കെഴുതിയ ആദ്യ ലേഖനത്തില്‍ അതു വിവരിക്കുന്നുണ്ട്. ‘ശത്രുക്കളെ തന്‍റെ പാദപീഠമാക്കുവോളം അവിടുന്ന് വാഴുന്നു,’ (15, 25). പിതാവ് എല്ലാം പുത്രനെ ഏല്പിക്കുന്നു, അതുപോലെ പുത്രന്‍ എല്ലാം പിതാവിനെയും.’ ക്രിസ്തു ഭൗമിക രാജാവല്ല. എന്നാല്‍ അവിടുന്ന് വാഴുന്നു, എന്നു പറയുമ്പോള്‍ ആജ്ഞാപിക്കുകയല്ല, മറിച്ച് തന്‍റെ സ്നേഹത്തിന്‍റെയും രക്ഷയുടെയും പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്നതില്‍ സ്വര്‍ഗ്ഗീയ പിതാവിന് കീഴ്പ്പെടുകയാണ്. അവിടുന്ന് പിതാവിനെ അനുസരിക്കുന്നു, പിതൃപദ്ധതികള്‍ക്ക് വിധേയനാകുന്നു എന്നാണ്. അങ്ങനെ പിതാവും പുത്രനും തമ്മില്‍ പരിപൂര്‍ണ്ണമായ ധാരണയും ഐക്യവും എന്നും നിലനിര്‍ത്തിയിരുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ ഭരണം പിതാവും പുത്രനും തമ്മിലുള്ള പരസ്പര ഐക്യത്തിന്‍റെ കാലമാണ് – പിതാവ് പുത്രനെ ഭരമേല്‍പിക്കുകയും, പുത്രന്‍ പിതൃഹിതത്തോട് സാരൂപ്യപ്പെടുകയും ചെയ്യുന്ന നീണ്ട കാലഘട്ടമാണ്. ‘കീഴ്പ്പെടുത്തപ്പെടേണ്ട അവസാന ശത്രു മരണമാണ്’ (1കൊറി. 15, 26). അവസാനം എല്ലാം ക്രിസ്തുവിന്‍റെ പരമാധികാരത്തിന് വിധേയമാകുമ്പോള്‍, സമസ്തവും തനിക്ക് അധീനമാക്കിയവന്‍, പുത്രന്‍ തന്നെയും പിതാവിന് കീഴ്പ്പെടുന്നു. ഇത് ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനാണ് (1കൊറി. 15, 28).

ക്രിസ്തുവിന്‍റെ രാജ്യം ആവശ്യപ്പെടുന്നതെന്തെന്ന് സുവിശേഷം പഠിപ്പിക്കുന്നു. സ്നേഹസാന്നിദ്ധ്യവും ലാളിത്യവുമാണ് ദൈവരാജ്യത്തിന്‍റെ ജീവിതനിയമം. അതിന്‍റെ അടിസ്ഥാനത്തില്‍ അവസാനം എല്ലാവരും വിധിക്കപ്പെടുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷം 25-ാം അദ്ധ്യായം വിവരിക്കുന്ന ശ്രേഷ്ഠമായ ദൈവരാജ്യത്തിന്‍റെ ഉപമ അത് വെളിപ്പെടുത്തുന്നുണ്ട്.

‘പിതാവിനാല്‍ അനുഗ്രഹീതരേ, വരുവിന്‍. ലോകസ്ഥാപനം മുതല്‍ ഒരുക്കിയിരിക്കുന്ന ദൈവരാജ്യം കരസ്ഥമാക്കുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നപ്പോള്‍ ഭക്ഷണം തന്നു, ദാഹിച്ചപ്പോള്‍ കുടിക്കുവാന്‍ തന്നു. പരദേശിയായപ്പോള്‍ എന്നെ നിങ്ങള്‍ സ്വീകരിച്ചു. നഗ്നനായിരുന്ന എനിക്ക് വസ്ത്രം നല്കി. രോഗിയായിരുന്നപ്പോള്‍ എന്നെ സന്ദര്‍ശിച്ചു. കരാഗൃഹത്തില്‍ ആയിരുന്നപ്പോള്‍, നിങ്ങള്‍
എന്‍റെ പക്കല്‍വന്നു’ (മത്തായി 25, 34-36). ‘അപ്പോള്‍ നീതിമാന്മാര്‍ ചോദിക്കും, എപ്പോഴാണ്
ഇങ്ങനെ സംഭവിച്ചത്? രാജാവ് മറുപടി പറയും, എന്‍റെ എളിയവര്‍ക്കായി നിങ്ങള്‍ ഇതെല്ലാം ചെയ്തുകൊടുത്തപ്പോള്‍, എനിക്കു തന്നെയാണ് ചെയ്തുതന്നത്.’ (മത്തായി 25, 40).

ക്രിസ്തുവിന്‍റെ പരമാധികാരത്തിന്‍റെ പ്രഘോഷണമല്ല രക്ഷാകര പ്രവര്‍ത്തനം. മറിച്ച് അവിടുത്തെ കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അനുകരണമാണ്, ക്രിസ്താനുകരണമാണ്. ദൈവസ്നേഹത്തോടു തുറവു കാണിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ കാരുണ്യവും സ്നേഹവും ജീവിക്കുന്നവരാണ് അവിടുത്തെ രാജ്യം യാഥാര്‍ത്ഥ്യമാക്കുന്നത്. ജീവിതസായാഹ്നത്തില്‍ നാം വിധിക്കപ്പെടുന്നത്, അല്ലെങ്കില്‍ വിലയിരുത്തപ്പെടുന്നത് സഹജീവികളോടും സഹോദരങ്ങളോടും നാം കാണിക്കുന്ന സ്നേഹത്തിന്‍റെയും സല്‍പ്രവൃത്തികളുടെയും അടിസ്ഥാനത്തിലായിരിക്കും. ദൈവരാജ്യത്തിലേയ്ക്കുള്ള നമ്മുടെ പ്രവേശനത്തിന്‍റെയോ തിരസ്ക്കരണത്തിന്‍റെയോ മാനദണ്ഡം സഹോദരസ്നേഹമാണ്. തന്‍റെ ജീവസമര്‍പ്പണത്താല്‍ ക്രിസ്തു ദൈവരാജ്യം നമുക്കായി തുറന്നുതന്നിരിക്കുന്നു. യാഥാര്‍ത്ഥ്യ ബോധത്തോടെ എളയവര്‍ക്ക് നന്മചെയ്തും, പാവങ്ങളെ തുണച്ചും, സഹജീവികളോട് ഐക്യദാര്‍ഢ്യത്തോടെ പെരുമാറിയുമാണ് ദൈവരാജ്യം ഈ ഭൂമിയില്‍ ഇനിയും നാം തുറക്കേണ്ടത്, യാഥാര്‍ത്ഥ്യമാക്കേണ്ടത്. സഹോദരങ്ങളെ സ്നേഹിക്കുന്നില്ലെങ്കില്‍ അമൂല്യനിധിയായ ക്രിസ്തുവിനെയും അവിടുത്തെ സുവിശേഷവും അവരുമായി പങ്കുവയ്ക്കുവാന്‍ നാം തയ്യാറാവണം.

സഭയിലെ നവവിശുദ്ധര്‍ നമുക്ക് മാതൃകയാണ്. അവര്‍ അവകാശികളായിത്തീര്‍ന്ന ദൈവരാജ്യത്തെ തനിമയാര്‍ന്ന വിധത്തില്‍ ശുശ്രൂഷിച്ചവരാണ് അവര്‍ ഓരോരുത്തരും. ദൈവത്തെയും അയല്‍ക്കാരെയും സ്നേഹിക്കണമെന്ന കല്പനയോട് വളരെ ക്രിയാത്മകമായിട്ടും അന്യൂനമായിട്ടും പ്രത്യുത്തരിച്ചവരാണ് സഭയിലെ നവവിശുദ്ധര്‍. പാവങ്ങളെയും വയോജനങ്ങളെയും രോഗികളെയും തീര്‍ത്ഥാടകരെയും സഹായിക്കുന്നതിലും പരിചരിക്കുന്നതിലും കലവറയില്ലാതെ തങ്ങളെത്തന്നെ സമര്‍പ്പിച്ചവരാണവര്‍. ദൈവത്തോട് ഈ വിശുദ്ധാത്മാക്കള്‍ കാണിച്ച നിര്‍ലോഭമായ സ്നേഹത്തിന്‍റെ അളവ് എളിയവരോടും പാവങ്ങളോടുമുള്ള പ്രത്യേകമായ സ്നേഹമായിരുന്നു. പാവങ്ങളുടെയും എളിയവരുടെയും ശുശ്രൂഷയില്‍നിന്നും ഉതിര്‍ന്ന സ്നേഹത്തിലാണ് അവര്‍ ദൈവംസ്നേഹം കണ്ടെത്തിയതും തിരിച്ചറിഞ്ഞതും. അങ്ങനെ വിധിദിനത്തില്‍ അവര്‍ ശ്രവിക്കും, ‘പിതാവിനാല്‍ അനുഗൃഹീതരേ, വരുവിന്‍, ലോകാരംഭം മുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ദൈവരാജ്യം കൈവശമാക്കുവിന്‍!’ (മത്തായി 25, 34).

വിശുദ്ധപദ പ്രഖ്യാപനത്തിലൂടെ സഭ വീണ്ടും ദൈവരാജ്യത്തിന്‍റെ രഹസ്യമാണ് വെളിപ്പെടുത്തുന്നതും പ്രഘോഷിക്കുന്നതും. അങ്ങനെ നല്ലിടയനും സമാധാന രാജാവുമായ ക്രിസ്തുവിനെത്തന്നെയാണ് സഭ പ്രഘോഷിക്കുന്നത്. തങ്ങളുടെ ജീവിതസാക്ഷൃത്തിലൂടെയും മാദ്ധ്യസ്ഥ്യത്തിലൂടെയും ഇനിയും സുവിശേഷവഴികളില്‍ സസന്തോഷം ചരിക്കുവാനുള്ള പ്രചോദനവും ശക്തിയും നമുക്കായി നവവിശുദ്ധര്‍ നേടിത്തരട്ടെ. അവരുടെ വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും ധീരമായ കാല്പാടുകളെ നമുക്ക് അനുധാവനംചെയ്യാം. അങ്ങനെ നാമും ഈ പുണ്യാത്മാക്കളെപ്പോലെ അമര്‍ത്ത്യതയുടെയും നിത്യതയുടെയും പാതയില്‍ ജീവിക്കാന്‍ ഇടയാവട്ടെ. നൈമിഷികവും ഭൗതികവുമായ താല്പര്യങ്ങള്‍ നമ്മുടെ ജീവിതദൗത്യത്തിന് ഇടര്‍ച്ചയാവാതിരിക്കട്ടെ. വിശുദ്ധരുടെ മകുടമായ പരിശുദ്ധ കന്യകാനാഥ നമ്മെ ഏവരെയും ദൈവരാജ്യത്തിന്‍റെ മാര്‍ഗ്ഗത്തില്‍ നയിക്കട്ടെ.