Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Catechism Sunday 2018: Be Deep Rooted in Faith

Catechism Sunday 2018: Be Deep Rooted in Faith

  • December 5, 2018

പ്രിയ ബഹു. അച്ചാ, പ്രിയ ദൈവജനമെ,
2018 ഡിസംബര്‍ 09-ാം തീയതി ഞായറാഴ്ച കോട്ടയം അതിരൂപത വിശ്വാസപരിശീലന ദിനമായി ആചരിക്കുകയാണ്.

മാധ്യമ അജണ്ടയും ക്രൈസ്തവ വിരുദ്ധതയും
സാമൂഹിക മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാന ബോധ്യങ്ങളെപ്പോലും ചോദ്യം ചെയ്യുവാനും അവഹേളനപരമായി അവതരിപ്പിക്കുവാനും സംഘാതമായി പ്രവര്‍ത്തിക്കുന്നവര്‍ അരങ്ങു തകര്‍ക്കുന്ന കാലമാണിത്. ഇളംമനസുകളിലും യുവജനങ്ങളുടെ ബോധമണ്ഡലങ്ങളിലും വിശ്വാസസത്യങ്ങളെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിക്കുവാനും അവരുടെ ക്രൈസ്തവ അസ്തിത്വത്തെ പരസ്യമായി പ്രഖ്യാപിക്കുന്നതിന് സങ്കോചം സൃഷ്ടിക്കുവാനും പ്രസ്തുത പ്രചരണങ്ങള്‍ക്ക് ചെറിയ ഒരു അളവു വരെ സാധിച്ചുവെന്നു മനസിലാക്കണം. എന്നാല്‍, പ്രതിസന്ധികളുടെ മധ്യത്തിലും ഈശോമിശിഹായിലും അവന്റെ രക്ഷാകരരഹസ്യങ്ങളിലും വിശ്വസ്തതയോടെ നിലകൊള്ളുകയും അവ പ്രഘോഷിക്കുകയും ചെയ്ത ശ്ലീഹന്മാരുടെ മാതൃക പിഞ്ചെന്നുകൊണ്ട് സത്യവിശ്വാസത്തിലാഴപ്പെടാന്‍ ഈ കാലഘട്ടം നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട്. എന്നത്തെക്കാളുപരി ക്രൈസ്തവവിശ്വാസത്തെ അറിയാനും അതില്‍ ആഴപ്പെടാനും കൈമാറ്റം ചെയ്യുവാനും ഈ കാലഘട്ടം നമ്മെ നിര്‍ബന്ധിക്കുന്നതിനാല്‍ വിശ്വാസജീവിതത്തിനും പരിശീലനത്തിനും ശ്രദ്ധിക്കുവാനായി നമുക്ക് പരിശ്രമിക്കാം.

ആദിമ സഭയിലെ പ്രതിസന്ധികളും വിശ്വാസ വളർച്ചയും
ലോകമെങ്ങുംപോയി സുവിശേഷമറിയിക്കാനുള്ള മിശിഹായുടെ നിര്‍ദേശം സ്വീകരിച്ച ശ്ലീഹന്മാരും അവരുടെ പിന്‍ഗാമികളും തങ്ങള്‍ക്കു ലഭിച്ച വിശ്വാസ നിക്ഷേപം പകര്‍ന്നുകൊടുക്കാന്‍ ശ്രദ്ധാലുക്കളായിരുന്നുവല്ലോ. അക്കാലത്തെ മാധ്യമങ്ങളിലൂടെയും കിംവദന്തികളിലൂടെയും ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുവാനും ജനമനസുകളില്‍ ക്രൈസ്തവരെ അപരിഷ്‌കൃതരായി അവതരിപ്പിക്കുവാനും അന്നത്തെ സമൂഹത്തില്‍ സ്വാധീനമുണ്ടായിരുന്നവര്‍ പരിശ്രമിച്ചിരുന്നു. ബലിയര്‍പ്പിക്കുവാനും പ്രാര്‍ത്ഥിക്കുവാനും വചനം ശ്രവിക്കുവാനും ഒരുമിച്ചുകൂടിയ ക്രൈസ്തവവര്‍ രാജ്യദ്രോഹികളും നരഭോജികളുമാണന്നുംവരെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ കിംവദന്തികളും പീഡനങ്ങളും കൊടുമ്പിരികൊള്ളുമ്പോഴും ക്രൈസ്തവവിശ്വാസം ശക്തിപ്പെടുകയായിരുന്നു. ശ്ലീഹന്മാരുടെയും അവരുടെ പിന്‍ഗാമികളുടെയും പ്രബോധനത്തില്‍ ആഴപ്പെട്ട ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യമായിരുന്നു അതിനു കാരണം. തങ്ങള്‍ അറിഞ്ഞതും അനുഭവിച്ചതുമായ വിശ്വാസം അവര്‍ പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്തു. അവരുടെ അതേ ശുശ്രൂഷയാണ് സഭ ഇന്നും തുടരുന്നത്. ശ്ലീഹന്മാര്‍വഴി സ്വീകരിച്ച അതേ വിശ്വാസം പരിപോഷിപ്പിക്കാനും പകര്‍ന്നുകൊടുക്കാനും ഇന്നും ഓരോ വിശ്വാസിക്കും കടമയുണ്ട്. ആ വിശ്വാസത്തിന്റെ കൈമാറ്റവും പരിശീലനവും ഏറെ പ്രധാനപ്പെട്ടതാണെന്ന് സഭയക്ക് അറിയാം. പുതുതലമുറയ്ക്ക് വിശ്വാസദീപം കൈമാറ്റം ചെയ്യുന്ന പ്രക്രിയ ഇന്നത്തെ കാലഘട്ടത്തില്‍ അത്യന്താപേക്ഷിതമാണ്. ”കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും വിശ്വാസത്തിലൂള്ള പരിശീലനമാണ് മതബോധനം” (CCC 5).

എന്തുകൊണ്ട് യുവജനങ്ങളോടൊത്ത്?
എന്തുകൊണ്ട് നാം കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും വിശ്വാസരൂപീകരണത്തിലും പരിശീലനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് ചിന്തിക്കണം. 2018 ഒക്‌ടോബറില്‍ യുവജനകേന്ദ്രീകൃതമായി റോമില്‍ നടന്ന മെത്രാന്മാരുടെ സിനഡില്‍ ഉയര്‍ന്നുവന്ന ആശയവും യുവജനങ്ങളെ സഭയുടെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുകയെന്നതായിരുന്നു. സഭ യുവജനങ്ങളോടൊത്ത് ചരിക്കണമെന്ന് പരി. പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പ ക്രൈസ്തവലോകത്തോട് ആഹ്വാനം ചെയ്തത് ഈ ചിന്തകളുടെ പശ്ചാത്തലത്തിലായിരുന്നു. യുവജനങ്ങളെ സഭയിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നത് അവര്‍ക്ക് മിശിഹായിലേയ്ക്കുള്ള വഴി കാണിച്ചുകൊടുത്തുകൊണ്ടാണല്ലോ. ആട്ടിടയന്മാര്‍ക്ക് സദ്വാര്‍ത്ത പകര്‍ന്നുകൊടുത്ത് അവരെ പുല്‍ക്കൂട്ടിലേക്ക് നയിച്ച മാലാഖമാരെപ്പോലെ രൂപതയും ഇടവകകളും കുഞ്ഞുങ്ങളെ ഈശോയിലേയ്ക്ക് നയിക്കുന്ന പ്രക്രിയയാണ് വിശ്വാസ പരിശീലനം.

വിശ്വാസ പരിശീലകരുടെ പ്രതീകങ്ങൾ

ജ്ഞാനികള്‍ക്ക് ബേത്‌ലഹേമിലേയ്ക്കുള്ള വഴികാട്ടിയായ നക്ഷത്രത്തെപ്പോലെയാണ് യുവജനങ്ങള്‍ക്ക് മിശിഹായെ കാട്ടിക്കൊടുക്കുന്ന ഓരോ മതാധ്യാപകനും. യുവജനങ്ങളെ അനുധാവനം ചെയ്യുകയും ജീവിതസാക്ഷ്യം കൊണ്ട് വിശ്വാസത്തില്‍ സ്ഥൈര്യപ്പെടുത്തുകയും ചെയ്യുന്ന ഓരോ വ്യക്തിയും സഭയുടെ ശുശ്രൂഷയാണ് നിര്‍വ്വഹിക്കുന്നത്.
”കര്‍ത്താവിന് വഴിയൊരുക്കുവിന്‍, അവന്റെ പാതകള്‍ നേരെയാക്കുവിന്‍” (ലൂക്ക 3,4) എന്നാവശ്യപ്പെട്ടുകൊണ്ട് എല്ലാവരെയും മിശിഹായിലേയ്ക്ക് ക്ഷണിക്കുന്ന വി. യോഹന്നാന്‍ മാംദാന വിശ്വാസപരിശീലകരുടെ പ്രതിരൂപമാണ്. കാരണം, മതബോധനം എന്നാല്‍ ‘വിശ്വസിക്കുന്നതിലൂടെ ഈശോയുടെ നാമത്തില്‍ ജീവനുണ്ടാകേണ്ടതിന് അവനാണ് ദൈവത്തിന്റെ പുത്രനെന്ന് വിശ്വസിക്കാന്‍ മനുഷ്യരെ സഹായിക്കുക, മിശിഹായിലുള്ള ജീവിതത്തില്‍ അവരെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക; അങ്ങനെ അവിടുത്തെ ശരീരത്തെ പടുത്തുയര്‍ത്തുക’ എന്നിവയാണ് (CCC 4). സഭയുടെ ഏറ്റവും ഉന്നതമായ ശുശ്രൂഷകളിലൊന്നായ മതബോധനത്തില്‍ ശ്രദ്ധചെലുത്തുന്ന എല്ലാ വൈദികരെയും വിശ്വാസപരിശീലകരെയും ഇടവകജനം മുഴുവനെയും ഞാന്‍ അഭിനന്ദിക്കുന്നു. തീഷ്ണതയോടയും ശ്രദ്ധയോടെയും അതിലേറെ അഭിമാനത്തോടെയും നിങ്ങള്‍ ഈ ശുശ്രൂഷ നിര്‍വഹിക്കുവിന്‍. കാരണം, കുറയേറെപേര്‍ വായിച്ചെടുക്കുന്ന വിശ്വാസത്തിന്റെ നിക്ഷേപ ഗ്രന്ഥങ്ങളാണ് നിങ്ങള്‍. നിങ്ങളുടെ ജീവിതസാക്ഷ്യം അവര്‍ക്ക് വിശ്വാസവെളിച്ചം പകരുമ്പോള്‍ യോഹന്നാന്‍ മാംദാനയെപ്പോലെ അവരുടെ കണ്ണുകളെ ഈശോയിലേയ്ക്കുയര്‍ത്തുവാന്‍ നിങ്ങള്‍ക്കു കഴിയും.

വിശ്വാസത്തില്‍ അഭിമാനിക്കാം 
ഒരു പ്രേഷിത കുടിയേറ്റ ജനമായി മലയാളമണ്ണിലേയ്ക്കു വന്ന ക്‌നാനായ ജനമാണ് നാം. ഈശോയെ പകര്‍ന്നുകൊടുക്കാന്‍ ഇറങ്ങിത്തിരിച്ച മിഷനറി സമുഹത്തിന്റെ തുടര്‍ച്ചയായ നാം വിശ്വാസജീവിതത്തില്‍ ആഴപ്പെടണം. പ്രിയ കുഞ്ഞുങ്ങളെ, വിശ്വാസ സത്യങ്ങളെ വളച്ചൊടിക്കാനും വികലമാക്കാനും ശ്രമിക്കുന്ന ആധുനിക മാധ്യമ ജീര്‍ണത കണ്ട് അസ്വസ്ഥരാകതെ ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടാന്‍ നിങ്ങള്‍ പരിശ്രമിക്കുവിന്‍. ഈശോയെ അറിയാനും അനുഭവിക്കുവാനും പകര്‍ന്നുകൊടുക്കാനും മാമ്മോദീസ സ്വീകരിച്ച ഏവര്‍ക്കും കടമയുണ്ട്. പീഡനങ്ങളും പ്രതിസന്ധികളും രൂക്ഷമായപ്പോഴും വിശ്വാസത്തില്‍ ആഴപ്പെട്ട ആദിമ ക്രൈസ്തവരെപ്പോലെ വിശ്വാസരഹസ്യങ്ങള്‍ ഗ്രഹിക്കാനും ക്രൈസ്തവരായിക്കുന്നതില്‍ അഭിമാനിക്കാനും നിങ്ങള്‍ക്ക് കഴിയട്ടെ.
നമ്മുടെ പിതാക്കന്മാര്‍ വളര്‍ത്തിയെടുത്ത സമുദായ പാരമ്പര്യം എന്താണെന്ന് പഠിക്കാനും അത് ആചരിക്കാനും അതിന്റെ ചൈതന്യം നുകരാനും ലക്ഷ്യമിട്ടുകൊണ്ട് ക്രമീകരിച്ചിരിക്കുന്ന ക്‌നാനായ സമുദായ ചരിത്ര പഠന പുസ്തകം, പത്താം ക്ലാസിലെ കുട്ടികള്‍ക്കായി നടത്തിവരുന്ന ടീനേജ് എംപവര്‍മെന്റ് പ്രോഗ്രാം, പതിനൊന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കായുളള എഫാത്ത കോഴ്‌സ്, പന്ത്രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ക്കായുളള ശീലോഹേ കോഴ്‌സ് എന്നിവ കുട്ടികളില്‍ ആദ്ധ്യാത്മീകവും മാനസികവുമായ വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ടുള്ള കര്‍മ്മപദ്ധതികളാണ്. ഒപ്പം സഭാത്മക സമുദായ ബോധ്യത്തിലൂടെ വിശ്വാസത്തില്‍ രൂഢമൂലമാകാനുമുള്ള പരിശീലനത്തിന്റെ ഭാഗവും.

പ്രാർത്ഥനകൾ അഭിനന്ദനങ്ങൾ
നമ്മുടെ അതിരൂപതയില്‍ വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കുന്ന വിശ്വാസപരിശീലന കമ്മീഷനേയും കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്ത് ഇടവകയിലെ വിശ്വാസപരിശീലനം ഫലപ്രദമായി നിര്‍വ്വഹിക്കുവാന്‍ നേതൃത്വം നല്‍കുന്ന ബഹു.വൈദികരേയും, അവരോടൊത്ത് ആത്മാര്‍ത്ഥതയോടെ ഈ ദൗത്യ നിര്‍വ്വഹണത്തില്‍ പങ്കു ചേരുന്ന സമര്‍പ്പിതരേയും, അത്മായ സഹോദരങ്ങളേയും, ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കാന്‍ സഹകരിക്കുന്ന മാതാപിതാക്കളേയും, ഇതിന്റെ നന്മകള്‍ സ്വീകരിച്ച് ഉറച്ച ക്രൈസ്തവ ബോധ്യത്തില്‍ വളരുന്ന നമ്മുടെ എല്ലാ കുഞ്ഞുങ്ങളേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
സ്‌നേഹപൂര്‍വ്വം,

മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത
NB: 1. ഈ സര്‍ക്കുലര്‍ 2018 ഡിസംബര്‍ 9-ാം തീയതി ഞായറാഴ്ച നമ്മുടെ എല്ലാ ഇടവക ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ വായിച്ചറിയിക്കേണ്ടതും അന്നത്തെ സ്‌തോത്രകാഴ്ച്ച അതിരൂപത കേന്ദ്രത്തിലേക്ക് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ A124A11CSC നമ്പറിനോടുകൂടി അതത് ഇടവകകള്‍ക്കായി നല്‍കിയിരിക്കുന്ന കോഡ് നമ്പര്‍ കൂടി ചേര്‍ത്ത് കഴിവതും വേഗം അയച്ചുതരേണ്ടതുമാണ്.