Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Phone: 0481-2563527, 2563812, 2300453 Fax: 0481-2563327

Be Rooted in the Love of Christ: Mar Moolakkatt

Be Rooted in the Love of Christ: Mar Moolakkatt

  • February 4, 2020
ഇൻഡ്യയിലെ ജനങ്ങൾ തീരുമാനിച്ചതാണ് ഇന്ഡ്യ റിപ്പബ്ലിക് ആയിരിക്കണമെന്നത്. എന്നാൽ, അടുത്ത കാലത്തെ ചില രാഷ്ട്രീയ നീക്കങ്ങൾ ഭാരതത്തിന്റെ മതേതര സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോയെന്ന് നമ്മിൽ സംശയമുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ, ധാരാളം പ്രതികരണങ്ങളും രാജ്യമൊട്ടാകെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മതേതരത്വമെന്നാൽ മതനിരാസവും മതചൂഷണവുമല്ല മതേതരത്വം മതമില്ലാത്ത അവസ്ഥയല്ല. അതിനാൽ തന്നെ അനേകം മതങ്ങളുടെ സാന്നിദ്ധ്യം ഭാരതത്തിൽ ഉണ്ട്. ഏതു മതത്തിലും, അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും അതിൻപ്രകാരം ജീവിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സാഹചര്യം ഭാരതത്തിലുണ്ട്. ഇതാണ് മതേതരത്വം കൊണ്ട് നമ്മുടെ ഭരണഘടന വിവക്ഷിക്കുന്നത്. അതേസമയം തന്നെ മതത്തിന്റെ പേരിൽ മനുഷ്യനെ ചൂഷണം ചെയ്യാൻ ഭാരതത്തിന്റെ ഭരണഘടന അനുവദിക്കുന്നില്ല. സ്‌നേഹത്തിന്റെ മറ പിടിച്ചുകൊണ്ട് സ്വാർത്ഥ താല്പര്യക്കാരായ വ്യക്തികൾ പാവപ്പെട്ടവരെ ആകർഷിക്കുകയും വിദേശരാജ്യത്തെ മാംസച്ചന്തകളിൽ വില്പനച്ചരക്കാക്കുന്നതിനെയും നാം എതിർക്കണം.
ക്രൈസ്തവവിശ്വാസത്തിന്റെ അന്തസത്ത വിശ്വാസം ഓരോരുത്തർക്കും പ്രധാനപ്പെട്ടതാണ്. ക്രൈസ്തവരായ നാം ത്രിയേകദൈവത്തിലാണ് വിശ്വസിക്കുന്നത്. പിതാവും പുത്രനും പരിശുദ്ധാത്മാവും അടങ്ങുന്ന ത്രിയേക ദൈവത്തിലുള്ള വിശ്വാസമാണ് ക്രൈസ്തവ ജീവിതത്തിന്റെ അടിത്തറ. ഇത് മനുഷ്യൻ തന്റെ ബുദ്ധികൊണ്ട് കണ്ടുപിടിച്ച സത്യമല്ല. ദനഹാക്കാലം നമ്മെ ത്രിതൈ്വക ദൈവത്തിന്റെ രഹസ്യമാണ് പഠിപ്പിക്കുന്നത്. ഈ രഹസ്യം മനസ്സിലാക്കാൻ ദൈവത്തിന്റെ സഹായം മനുഷ്യന് ആവശ്യമാണ് എന്ന് അറിഞ്ഞതുകൊണ്ടുതന്നെയാണ് ദൈവം തന്റെ പുത്രനിലൂടെ നമുക്ക് ഈ രഹസ്യം വെളിപ്പെടുത്തി തന്നത്. ഏകദൈവം ത്രിത്വം ആണെന്ന ബോദ്ധ്യം എപ്പോഴും പൂർണ്ണമായി ഗ്രഹിക്കുവാൻ നമുക്ക് സാധിക്കുന്നില്ലെങ്കിലും ത്രിതൈ്വക ദൈവത്തിലാണ് ദൈവത്തിന്റെ സ്‌നേഹൈക്യം പൂർണ്ണമായിരിക്കുന്നത് എന്ന സത്യം നാം മനസ്സിലാക്കണം. കുട്ടികൾക്ക് ഈ വിശ്വാസം നാം പകർന്നു കൊടുക്കുകയും വേണം. ത്രിത്വത്തിൽ, സ്‌നേഹത്തിന്റെ കൂട്ടായ്മയിൽ ആയിരിക്കുന്ന ദൈവം നമ്മെ വിളിക്കുന്നതും  സ്‌നേഹത്തിന്റെ ഒരുമയിലായിരിക്കുവാനാണ്. അതുകൊണ്ട്, ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ ദിനത്തിൽ നാം പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് നമ്മുടെ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുവാനും ആ വിശ്വാസം നമ്മുടെ കുട്ടികൾക്കു പകർന്നു കൊടുക്കുവാനും അതോടൊപ്പം ത്രിതൈ്വക ദൈവം മാതൃക കാട്ടിത്തന്ന സ്‌നേഹത്തിന്റെ പാതയിൽ നമുക്കു ചുറ്റുമുള്ള ഓരോ വ്യക്തിയോടും ജാതി-മത ഭേദമന്യേ സ്‌നേഹത്തിലും സഹിഷ്ണുതയിലും ജീവിക്കുവാനുമാണ്. ഇതിലേതെങ്കിലും ഒരു ഭാഗം മാത്രം ഊന്നിപ്പറയുകയും മറുഭാഗം സൗകര്യപൂർവ്വം വിസ്മരിക്കുകയും ചെയ്യുമ്പോൾ അത് ഭാരതസംസ്‌ക്കാരത്തിന്റെ അന്തസത്തയ്ക്ക് ഇണങ്ങാത്തതായി മാറുന്നു.
കുറവുകളെ അതിജീവിക്കാൻ പഠിപ്പിക്കുന്ന പ.മറിയം കാനായിലെ കല്യാണ വിരുന്നിൽ പങ്കെടുക്കുന്ന പരിശുദ്ധ കന്യാമറിയം ആ ഭവനത്തിലെ കുറവ് എന്താണെന്നു മനസ്സിലാക്കി ആ  കുറവിനെ മാറി നിന്ന് വിമർശിക്കാതെ ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെ തനിക്കവിടെ എന്തു ചെയ്യാൻ സാധിക്കുമെന്ന് അന്വേഷിക്കുകയും തനിക്ക് ആവുന്നത് ചെയ്യാൻ പരിശ്രമിക്കുകയും ചെയ്യുന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. നമ്മുടെ നാടിനെ അതിന്റെ നന്മയിലും വിശുദ്ധിയിലും കാത്തുസൂക്ഷിക്കണമെങ്കിൽ നാം അതിനെ സ്വന്തമായി കണ്ട് സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ഇടപെടുകയും സമൂഹത്തിന്റെ ഉന്നമനത്തിനായി എന്തുചെയ്യാൻ സാധിക്കുമെന്ന് അന്വേഷിക്കുകയുമാണ് വേണ്ടത്. ഇതാണ് യഥാർത്ഥത്തിൽ ക്രിസ്തീയവും ദൈവികവുമായത്.
നമ്മുടെ ദൗത്യം നമുക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം നമ്മുടെ സഹോദരങ്ങളുടെ ഉയർച്ചയ്ക്കായി അദ്ധ്വാനിക്കുന്നതിനുളള ഉത്തരവാദിത്വം കൂടി നമുക്കോരോരുത്തർക്കും ഉണ്ട് എന്ന സത്യവും പരിശുദ്ധ അമ്മയുടെ ഈ പ്രവൃത്തിയിലൂടെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു. ”ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനാണോ?” എന്ന കായേന്റെ ദൈവത്തോടുള്ള ചോദ്യത്തിനുള്ള ഉത്തരമാണല്ലോ തന്റെ ഏകജാതന്റെ കുരിശിലെ ബലി. ആ ബലിയിൽ പങ്കുചേരുന്ന അമ്മയുടെ മനോഭാവമാണ് കാനായിലെ കല്യാണ വിരുന്നിലെ ഈ ഇടപെടലിലൂടെ കാണുന്നത്. നമ്മുടെ കുടുംബങ്ങളിലും ഇടവകയിലും, രൂപതയിലും സമൂഹത്തിലും കുറവുകളുണ്ടാകുമ്പോൾ മാറിനിന്ന് കുറ്റപ്പെടുത്താതെ, അവിടെ കടന്നുചെന്ന് സ്‌നേഹത്തോടെയും സൗഹൃത്തോടെയും നന്മ ചെയ്തുകൊണ്ട് ആ കുറവ് പരിഹരിക്കുവാനാണ് പരിശ്രമിക്കേണ്ടത്. കാരണം, നാമെല്ലാവരും മനുഷ്യരെന്ന നിലയിൽ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അതുകൊണ്ടുതന്നെ ആ കുടുംബത്തിലെ കുറവുകളെ സ്‌നേഹത്തോടെ പരിഹരിക്കുകയെന്ന ഉത്തരവാദിത്വം നിറവേറ്റാത്തപ്പോൾ ഞാൻ എന്നെത്തന്നെയാണ് കുറ്റക്കാരനാക്കുന്നത് എന്നു മനസ്സിലാക്കണം.
അമ്മമാരുടെ പ്രാധാന്യം ഓരോ കുടുംബത്തിലും അമ്മമാരുടെ സാന്നിദ്ധ്യം പ്രധാനപ്പെട്ടതാണ്.  ദൈവദാസൻ മാർ മാക്കീൽ പിതാവ് നമുക്കു നൽകിയ ഏറ്റവും വലിയ ദർശനവും ഇതാണ്. കുട്ടികളുടെ നല്ല വളർത്തലും സ്ത്രീകളുടെ അതിലെ പങ്കുമാണ് സമൂഹത്തിന്റെ നല്ല ഭാവിക്ക് ഏറ്റവും പ്രധാനമായ അടിത്തറ. ആധുനിക സാമൂഹ്യ പശ്ചാത്തലത്തിൽ മാക്കീൽ പിതാവിന്റെ ഈ ഉദ്‌ബോധനം കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഇന്ന് പല ഭവനങ്ങളിലും അമ്മമാർ വിദൂരങ്ങളിലായിരിക്കുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. കുടുംബത്തിന്റെ ആവശ്യത്തെപ്രതി ദൂരദേശത്ത് നീണ്ട കാലഘട്ടം ആയിരിക്കേണ്ട സാഹചര്യം പലർക്കും ഉണ്ടായിട്ടുണ്ട്. ആരാണ് അവരുടെ മക്കൾക്ക് അമ്മയായിട്ടുള്ളത് ? ആരാണ് ആ കുഞ്ഞുങ്ങളുടെ നന്മയെക്കുറിച്ച് ചിന്തിക്കുന്നത്? അവരുടെ കുറവുകൾ കണ്ടറിഞ്ഞുകൊണ്ട് അവരെ നന്മയിലേക്കു നയിക്കുവാൻ ആരാണ് പരിശ്രമിക്കുന്നത് ? ഇവിടെയാണ് കുട്ടികളുടെ വളർച്ചയ്ക്ക് സ്ത്രീജനങ്ങളുടെ സാന്നിദ്ധ്യം വളരെ  പ്രധാനപ്പെട്ടതാകുന്നത്.  അതുകൊണ്ടുതന്നെ, ഓരോ സ്ത്രീക്കും അതീവ പ്രാധാന്യം അർഹിക്കുന്ന ഉത്തരവാദിത്വമുണ്ട്, തന്റെ കുടുംബത്തിന്റെ മാത്രമല്ല, താൻ ജീവിക്കുന്ന ഇടവകയുടെയും സമൂഹത്തിന്റെയും നന്മയ്ക്കായി പ്രവർത്തിക്കുവാനായിട്ട്. വളർന്നുവരുന്ന തലമുറയെ നന്മയിൽ വളർത്തുവാനും വിശ്വാസത്തിന്റെയും ധാർമ്മികതയുടെയും വിത്തുകൾ അവരുടെ ഹൃദയത്തിൽ പാകുവാനും ആവശ്യമായ തിരുത്തലുകൾ നൽകുവാനും സമൂഹത്തിൽ നല്ല സ്ത്രീകളുടെ സാന്നിദ്ധ്യം ആവശ്യമാണെന്ന് നമുക്ക് അനുസ്മരിക്കാം.
മാക്കീൽ പിതാവിന്റെ ഉൾക്കാഴ്ചയെ കൂടുതൽ ആഴത്തിൽ നമുക്ക് മനസ്സിലാക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യാം.  സ്ത്രീകളെ ശക്തിപ്പെടുത്തുകയെന്ന വിസിറ്റേഷൻ സമൂഹത്തിന്റെ ഉത്തരവാദിത്വം  ഈ സാഹചര്യത്തിൽ പ്രധാനപ്പെട്ടതാണ്. ഈ കടമ വിശ്വസ്തതയോടെ നിറവേറ്റുവാനും അങ്ങനെ ധാരാളം നല്ല സ്ത്രീജനങ്ങളെ ഉത്തരവാദിത്വത്തിൽ വളർത്തുവാനും അവർക്കു സാധിക്കട്ടെയെന്ന് ഈ അവസരത്തിൽ ആശംസിക്കുന്നു.
മതേതരത്വത്തിന്റെയും റിപ്പബ്ലിക്കിന്റെയും ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് വിശ്വാസത്തിലും സ്‌നേഹത്തിലും വളരുവാൻ ഭാരതജനതയ്ക്ക് ഒന്നാകെ സാധിക്കട്ടെ. ഇതിനെല്ലാം ആവശ്യമായ ദൈവകൃപകൾക്കായി പ്രാർത്ഥിക്കുകയും ദൈവദാസനായ മാർ മാക്കീൽ പിതാവിനോട് മാദ്ധ്യസ്ഥം അപേക്ഷിക്കുകയും ചെയ്യുന്നു.